അങ്ങനെ ഓരോന്ന്…

ജനുവരി 28, 2007

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് തുടരുന്നു 2

Filed under: Blogroll — ::സിയ↔Ziya @ 2:57 pm

പിറ്റേ ദിവസം അര്‍ക്കനേക്കാള്‍ മുമ്പേ ഉണര്‍ന്നത് ഞാനാണ്. ഏറെക്കാലം കൂടി മന‍സ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന്‍ പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള്‍ കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില്‍ നിന്നാണ്…പിന്നെയും കുറേക്കഴിഞ്ഞാണ് സുബഹി ബാങ്ക് വിളിച്ചത്. നിര്‍വൃതിയോടെ ഞാന്‍ കേട്ടു നിന്നു.

തൊടിയിലെ പടവു കെട്ടിയ കുളത്തില്‍ നന്നായൊന്നു മുങ്ങികുളിച്ചുവന്ന് പുതിയ പാന്റ്സും ഉടുപ്പും ധരിച്ചു പുറത്തിറങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും തൊടിയും കുളവും പടവുമൊന്നുമില്ലാത്തതിനാല്‍ കിണറ്റില്‍ നിന്ന് വെള്ളം കോരിത്തന്നെ കുളിച്ചു. ഏറെ നാളിനു ശേഷം അവ്വല് സുബഹിക്ക് * എന്നെ പള്ളിയില്‍ കണ്ടപ്പോള്‍ മോതീനും മുസ് ലിയാര്‍ക്കും ആശ്ചര്യം; ആഹ്ലാദം!

പുലരിയുടെ ചന്തം എന്നെ വിസ്മയിപ്പിച്ചു; പക്ഷികളുടെ കളകൂജനങ്ങളും. ഉദയാര്‍ദ്രകിരണങ്ങള്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചരിത്തെന്നു. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ പൂക്കുന്നതിനാല്‍ നീലക്കുറിഞ്ഞിക്കു എന്തൊരഴക്; വല്ലപ്പോഴും മാത്രം കാണുന്ന ഈ പുലരിക്കുമതേയഴക്…

ഞാന്‍ നടന്നു. പ്രൈവറ്റ് ബസ്റ്റാന്‍ഡ് ആണ് ലക്ഷ്യം. സ്റ്റാന്‍ഡടുക്കവേ അനൌണ്‍സ്മെന്റ് കേള്‍ക്കായി…“കായംകുളത്തു നിന്നും ഒന്നാം കുറ്റി രണ്ടാം കുറ്റി മൂന്നാം കുറ്റി കറ്റാനം ചാരുമ്മൂട് കുടശ്ശനാട് മാവേലിക്കര മാന്നാര്‍ തിരുവല്ല വഴി ചങ്ങനാശ് ശ്ശേരിക്കു പുറപ്പെടുന്നു പാ‍ാ‍ാഞ്ചജന്യം. സ്റ്റാന്‍ഡിന്റെ വടക്കുവശത്തു പാര്‍ക്ക് ചെയ്യുന്നു, എടുത്തു മാറ്റെടാ #&@*…..”
പാര്‍ക്ക് ചെയ്യുന്നു എന്നതു വരെ യാത്രക്കാരോടും തെറിയുടെ അകമ്പടിയോടെയുള്ള എടുത്തു മാറ്റെടാ ബസ്സ് ഡ്രൈവറോടുമാണ്. എന്നാല്‍ കോളാമ്പിയിലൂടെ അത് പട്ടണവാസികള്‍ക്കെല്ലാം ശ്രവിക്കാം.

ചെങ്ങന്നൂരിനുള്ള ബസില്‍ ഇടം പിടിച്ചു. ജൂനിയര്‍ യേശുദാസ് ബാബു യാത്രക്കാര്‍ക്കു മുമ്പേ ബസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. അന്ധനാണ്. നന്നായി പാടും…പാട്ടു പഠിക്കുന്നുണ്ട്. ബാബുവിന്റെ ഭൂപാള രാഗം ചില വല്യമ്മമാരുടെയെങ്കിലും ശകാരത്തിനു കാരണമാകുന്നു. ബസ് സ്റ്റാര്‍ട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്യാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിനു പകരം സ്വന്തം ജീവന്‍ കയ്യിലെടുത്തു. മത്സരയോട്ടം ഇതാ തുടങ്ങുകയായി. ചെങ്ങന്നൂരില്‍ എത്തിയെങ്കില്‍ പറയാം എത്തിയെന്ന്.

ഒരമ്മാവന്‍ പെണ്ണുക്കര, പെണ്ണുക്കര..ആളെറങ്ങണമെന്നു വിളിച്ചു കൂവി. കിളി നോക്കുമ്പം പെണ്ണുക്കര സ്റ്റോപ്പില്‍ എബിമോന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതു തന്നെ തക്കം. സിംഗിളിനു പകരം കിളി ട്രിപ്പിളടിച്ചു മണി! പോരാഞ്ഞ് ഒരുഗ്രന്‍ ചൂളവും…ഉശിരു കേറിയ ഡ്രൈവര്‍ ആക്സിലേറ്ററില്‍ ഊക്കന്‍ ചവിട്ടു ചവിട്ടി… ബസ്സ് എബിമോനെയും മറികടന്ന് കുതിച്ചു. മൂന്നു സ്റ്റോപ്പകലെ അമ്മാവനെ ഇറക്കിവിടുമ്പോള്‍ ഒരുപദേശം കൊടുക്കാന്‍ കിളി മറന്നില്ല.“അമ്മാവോ സൈഡിക്കുടെ പോണേ… എറച്ചീ മണ്ണു പറ്റിക്കല്ലേ..”

ഞാനാരാ മോന്‍? എനിക്കിറങ്ങേണ്ട സ്റ്റോപ്പിനും രണ്ട് സ്റ്റോപ്പ് മുന്നേ ആളെറങ്ങണമെന്നു ഞാനും വിളിച്ചു പറഞ്ഞു.എന്നാല്‍ ഉദ്ദേശിക്കുന്ന സ്റ്റോപ്പില്‍ കൃത്യമായി ഇറങ്ങാമല്ലോ….ഞാനതു പറയേണ്ട താമസം, ചെറുപ്പക്കരനായതിനാലാവാം-കിളി ഒറ്റ ബെല്ല്…സിംഗിളു തന്നെ. ഞാന്‍ വിയര്‍ത്തു. “സോറി, സോറി ഇതല്ല, മാറിപ്പോയതാ..രണ്ടു സ്റ്റോപ്പ് കഴിഞ്ഞാ എറങ്ങേണ്ടത്….” കിളി ഒന്നു മൂളി. ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനില്‍ ഇറങ്ങണമെന്ന് വിളിച്ചു കൂവിയിട്ടും കിളി മൈന്‍ഡ് ചെയ്യാതിരുന്നപ്പോഴാണ് മൂളലിന്റെ അര്‍ത്ഥം മന‍സ്സിലായത്. “ദേണ്ടെ, അമ്മാവനോടു കളിച്ച പോലെ എന്നോട് കളിക്കരുത് കേട്ടോ..അടിയെടാ ബെല്ല് ”. നൂറു വാരയല്ലേ മുന്നോട്ടു പോയുള്ളൂ എന്ന ആശ്വാസത്തില്‍ ഞാന്‍ ഓഫീസിലേക്കു നടന്നു.

ട്രെയ്നിംഗിന്റെ രണ്ടാം ദിവസം. കുറേയേറെ സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. ഒരിക്കലും ചൂടു നഷ്ടപ്പെടാത്ത കാസറോള്‍ (അടുപ്പില്‍ വെച്ചാല്‍ മതി), ഒരിക്കലും പൊട്ടാത്ത ഡിന്നര്‍ സെറ്റ് (ഷോ കേസില്‍ വെക്കണം), പത്തുകൊല്ലത്തെ ഗ്യാരണ്ടിയുള്ള ടോര്‍ച്ച് (കമ്പനിക്ക് 6 മാ‍സം ആയുസ്സ്), വളര്‍ന്ന പെണ്‍കുട്ടികളുള്ള വീട്ടിലേക്ക് കോളര്‍ ഐഡി (നമ്പര്‍ തെറ്റിക്കാണിക്കുന്നതിനാല്‍ വാങ്ങുന്നവന് മാനനഷ്ടം, ധന നഷ്ടം, ആയുരാരോസ്യ സൌഖ്യം), ഫ്ലവര്‍ വേസ് (തരക്കേടില്ല) ഇത്യാതി പ്രമുഖ ഉത്പന്നങ്ങളാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത്. മാനേജര്‍ സാര്‍ എഴുന്നെള്ളുകയായി.
“ഡിയര്‍ ഫ്രണ്ട്സ്, നിങ്ങള്‍ എങ്ങനെയാണ് ഈ സാധനങ്ങള്‍ കസ്റ്റമേഴ്സിനെക്കൊണ്ട് പര്‍ച്ചേസ് ചെയ്യിക്കുക?”
പലരും പലതും പറഞ്ഞു. ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുമെന്നു പറഞ്ഞു. ഇതാനയാണ്, ചേനയാണ്…
ഊറിയ ചിരിയോടെ മാനേജര്‍ തുടര്‍ന്നു:“നോ നൊ നൊ നോ….ഒരിക്കലും പ്രോഡക്റ്റിന്റെ ഗുണഗണങ്ങള്‍ പറഞ്ഞു നിങ്ങള്‍ എനര്‍ജി വേസ്റ്റാക്കരുത്. കസ്റ്റമര്‍ വാങ്ങുകയുമില്ല. നോക്കൂ ഇതിനെന്താ വില..150 രൂപ. നിങ്ങള്‍ നൂറ്റമ്പതല്ല പറയേണ്ടത്. ദാ നോക്കൂ…ഇങ്ങനെ പറയണം..ഡിയര്‍ മാഡം, അടുത്തിടെ മാര്‍ക്കറ്റിലിറങ്ങാന്‍ പോകുന്ന ഈ മനോഹര ഉത്പന്നത്തിന്റെ ഹൌസ് കാമ്പയിനിനു വന്നതാണ് ഞാന്‍. മാര്‍ക്കറ്റില്‍ ഇതിനു 359 രൂപ അമ്പതു പൈസയാണ് വില. നിങ്ങള്‍ ഏതു മാര്‍ക്കറ്റില്‍ ചെന്നാലും ആ വിലയാകും. എന്നാല്‍ പരസ്യപ്രചരണാര്‍ത്ഥം ഇന്നു മാത്രം നിങ്ങള്‍ക്ക് വെറും 150 രൂപക്ക് ഈ പ്രോഡക്റ്റു കിട്ടും. എത്ര പീസ് എടുക്കണം മാഡം?”
ഹൌ! എന്തൊരു തന്ത്രം…അപ്പം ഇതിനാണല്ലേ തൊലിക്കട്ടി വേണ്ടത്. ഇതിലെ നൈതികത എന്നെ വീര്‍പ്പുമുട്ടിച്ചെങ്കിലും കൂടുതല്‍ ആലോചിക്കാന്‍ മെനക്കെട്ടില്ല. പ്രോഡക്റ്റെല്ലാം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!
“നിങ്ങള്‍ കസ്റ്റമറെ ബോധ്യപ്പെടുത്തുന്നതിനായി ഇങ്ങനെ ശ്വാസം വിടാതെ പറയുന്നതിന് പിച്ചിംഗ് എന്നാണ് പറയുക. എത്ര നന്നായി നിങ്ങള്‍ പിച്ച് ചെയ്യുന്നുവോ അത്രയും കൂടുതല്‍ സാധനങ്ങള്‍ നിങ്ങള്‍ക്ക് വിറ്റഴിക്കാം. കണ്ണില്‍ നോക്കി ആത്മവിശ്വാസത്തോടെ പറയണം. പിച്ചിംഗിന് പരിശീലനം ആവശ്യമുണ്ട്. ദാ എല്ലാവെരും ഇങ്ങോട്ടു നോക്കൂ….ഞാന്‍ പറയുന്നത് പോലെ പറയൂ….വഴക്കത്തോടെ പിച്ചു ചെയ്യാന്‍ ഇതു സഹായിക്കും”
ഞങ്ങള്‍ കാതുകൂര്‍പ്പിച്ചു.

“ദാ ഇങ്ങനെ.
അരക്കില്ലം മഠത്തിച്ചെന്നരിയെടുത്തവിലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലം മഠത്തിത്തന്നരിയുംവിറ്റവിലുംവിറ്റരക്കുംവിറ്റുരുക്കുംവിറ്റപ്പന്‍ ഉപ്പും കൊണ്ടിപ്പവരും…ഉറക്കെപ്പറയൂ….”
ഹൌ…കേട്ടുനിന്ന ഞങ്ങള്‍ക്ക് ശ്വാസം മുട്ടി…കണ്ണു തുറിച്ചു.
************************

ആദ്യരണ്ടു ദിവസം ട്രെനിംഗ് തരാന്‍ ഒരു സീനിയര്‍ കൂടെ വന്നു. അയാള്‍ ചിലപ്പോഴെല്ലാം നമ്മളെക്കൊണ്ടു ‘പിച്ച്‘ ചെയ്യിക്കും. വെള്ളത്തില്‍ ചാടി ചാകാന്‍ പോകുന്നവന് കുടയെന്തിന്…ഞാന്‍ നാണം ദൂരെയെറിഞ്ഞു, അതൊരു ഭാരമാണ്. ആത്മവിശ്വാസം ഊതിപ്പെരുപ്പിച്ചു. കസ്റ്റമര്‍ വെറും പീറ, ഞാനോ ഇന്റര്‍നാ‍ഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ എക്സിക്യൂട്ടീവ് റെപ്പ്.

ഏകനായി റെപ്പാന്‍ പോയ ആദ്യദിനം. ഗ്രാമങ്ങളായിരുന്നു എന്റെ ചോയ്സ്. കച്ചോടം നടന്നില്ലെങ്കിലും ഗാന്ധിജി പറഞ്ഞപ്രകാരം ഇന്ത്യയുടെ ആത്മാവ് എങ്കിലും നേരില്‍ ദര്‍ശിക്കാമല്ലോ. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമീണര്‍ പെട്ടെന്ന് വലയില്‍ വീഴുമെന്ന ഗൂഢോദ്ദേശ്യവുമുണ്ടായിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് ബസ്സിറങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ നടപ്പ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്…കുടിലു മുതല്‍ കൊട്ടാരം വരെ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, പോലീസ് സ്റ്റേഷന്‍ (അതെനിക്കു നല്ല പരിചയമായിരുന്നു, പോലീസുകാരിലെ മനുഷ്യസ്നേഹികളെ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്), പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യാശുപത്രികള്‍ (ഉച്ചക്ക് 2 മണിക്കൂര്‍ റെസ്റ്റ് അവിടെയാണ്. രോഗികളും സന്ദര്‍ശകരും വളരെക്കുറവുള്ള ബെസ്റ്റ് ടൈം), ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍..‍എല്‍.പി മുതല്‍ എച്ച് എസ്സ് വരെ (അന്ന് പന്ത്രണ്ട് വന്നിട്ടുണ്ടായിരുന്നില്ല) ഇനിയൂലകത്തില്‍ ഞാന്‍ ചവിട്ടാത്തൊരു മണ്ണ് ഫൂമിമലയാളത്തിലില്ല. 30 രൂപ അന്നത്തെ വരുമാനം. വണ്ടിക്കൂലീം കഴിച്ച് രണ്ടര രൂപ അമ്പതു പൈസ.
രണ്ടാം ദിനം ഉഷാറായിരുന്നു….80 രൂപ. ഒരു സ്കൂളിലെ ടീച്ചര്‍മാരെ അടങ്കം പറ്റിച്ചു. അന്ന് തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടയില്‍ നിന്ന് ആത്മാഭിമാനത്തോടെ വിത്സ് വലിച്ചു. എ.ഡി.ബിക്ക് കേരളം കൊടുക്കുന്നത് പോലെയൊരു പ്രീമിയം തങ്കപ്പണ്ണന് കൊടുത്തു.

മൂന്നാം ദിനം. അനുദിനമുള്ള പുരോഗതിയില്‍ അമിത വിശ്വാസമര്‍പ്പിച്ച എനിക്ക് ആകെപ്പിഴച്ച ദിവസം!
(തുടരും)

ജനുവരി 27, 2007

“അങ്ങനെ ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ്”

Filed under: Blogroll — ::സിയ↔Ziya @ 10:47 am

കൌമാരമൊക്കെ കഴിഞ്ഞു യുവത്വത്തിലേക്കു പ്രവേശിക്കുന്ന സുരഭില കാ‍ലഘട്ടം പ്രാരബ്ധങ്ങളുടേത് കൂടിയാ‍യിരുന്നു. “എത്ര കാലമാടാ തന്തേടേം തള്ളേടേം ചെലവില്‍” എന്ന മാതാജിയുടെ മന്ത്രോച്ചാരണം പുളകിതമാ‍ക്കിയിരുന്ന പുലര്‍വേളകള്‍. പുറത്തിറങ്ങുമ്പോള്‍ എതിരേ വരുന്ന മൂപ്പിത്സിന്റെ കുശലാന്വേഷണം.“ ജോലിയൊന്നുമായില്ല, ഇല്ലിയോ മോനേ…” ഒന്നും മിണ്ടാതെ നടന്നു നീങ്ങുമ്പോള്‍ മൂ‍പ്പിലാന്റെ ആത്മഗതം കേള്‍ക്കാം…“കാല്‍ സറായീം കേറ്റി രാവിലെ എറങ്ങിക്കോളും, നാട്ടുകാരുടെ നെഞ്ചത്തു കേറാന്‍…എവനെക്കൊണ്ടൊന്നും ജോലീം വേലേമെടുക്കാന്‍ ആകത്തില്ല…”

തങ്കപ്പണ്ണന്റെ മുറുക്കാന്‍ കടേലെ ബെഞ്ചിലിരുന്ന് തല ചൊറിയും. “അമ്മാ വല്ലതും തരണേക്ക്” അമ്പത് പൈസാ കൈവെള്ളയിലേക്കെറിഞ്ഞു കൊടുക്കുന്ന ധനിക വീട്ടമ്മയുടെ ധാര്‍ഷ്ട്യത്തോടെ തങ്കപ്പണ്ണന്‍ കയ്യിലേക്കെറിഞ്ഞു തരും…ഒരു പൊതി മൈസൂര്‍ ബീഡി! മുറുക്കാന്‍ കടേലെ പറ്റുപടി റോക്കറ്റ് കണക്കേ മുകളിലേക്കുയരുന്നതിന്റെ സന്തോഷപ്രകടനം മാത്രമാണത്. വില്‍സ് , സിസര്‍ ഫില്‍ട്ടര്‍ തുടങ്ങിയ ആഡ്യ മഞ്ഞപ്പഞ്ഞിക്കാരില്‍ നിന്നും ഫില്‍ട്ടറില്ലാത്ത സാദാ സിസര്‍, നാലണയുടെ ചാര്‍മിനാര്‍ എന്നിവര്‍ വഴി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നാലണക്ക് നാലുള്ള മൈസൂ‍ര്‍ ബീഡിയിലാണ്.

ജോലിക്കൊന്നും ശ്രമിക്കാഞ്ഞിട്ടല്ല. മഹത്തായതെന്നു ലോകം വാഴ്ത്തുന്ന വാധ്യാരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താ‍നും. വീടു വീടാന്തരം കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കുന്ന ‘ഹോം ട്യൂഷന്‍’ എന്ന കലാപരിപാടിക്ക് ‘കറവ’ എന്നാണ് നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ഓമനപ്പേര്. ‘കറക്കു’ന്നത് പശുക്കളെയല്ല, പിഞ്ചുപൈതങ്ങളെയാണെന്ന് മാത്രം. ഒന്നു രണ്ടു കറവ സ്വന്തമായി ഉണ്ടെങ്കിലും കറവക്കാശ് മൂക്കിപ്പൊടിക്കു പോലും തികയുന്നില്ല.

ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുന്നത് കൊണ്ട് രണ്ട് ലാഭമുണ്ട്. “വാധ്യാരേ…..”ന്ന് നാട്ടുകാരുടെ നീട്ടിയുള്ള പരിഹാസവിളിയും അരുതാത്തിടങ്ങളില്‍ അരുമശിഷ്യന്മാരെയെങ്ങാനും കണ്ടുപോയാല്‍ “ഇങ്ങേര്‍ക്കിതെന്തിന്റെ കേടാ, എഴുന്നെള്ളാന്‍ കണ്ട നേരമെന്ന” അവന്മാരുടെ കുശുകുശുപ്പും. ‘അക്ഷരാ കോളജില്‍‘ നിന്ന് മൊത്തത്തില്‍ കിട്ടുന്ന ഫീസ് പ്രിന്‍സിപ്പാളിന്റെ സഹധര്‍മ്മിണിക്ക് കണ്മഷി വാങ്ങാന്‍ പോലും തികയുന്നില്ലത്രേ. അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്സവക്കമ്മിറ്റിക്ക് പിരിവു കൊടുക്കാന്‍ അറുക്കി ആനവാരി രാമന്‍നായര്‍ക്കുണ്ടാകുന്ന മന:പ്രയാസത്തേക്കാള്‍ ഒത്തിരി കൂടുതലാണ് ഫീസു കൊടുക്കുന്ന കാര്യത്തില്‍ വത്സലശിഷ്യന്മാര്‍ക്കുണ്ടാകുന്നത്.

അങ്ങനെ കഴിഞ്ഞുകൂടുന്ന സമ്മോഹന കാലഘട്ടത്തിലാണ് പതിവുള്ള പത്രവായനക്കിടയില്‍ പതിവില്ലാത്തൊരു ശീലം പിടികൂടിയത്- ക്ലാസിഫൈഡ്സ് പേജ് അരിച്ചുപെറുക്കല്‍. ഏതൊക്കെ തൊഴിലുടമകള്‍ എന്തൊക്കെ തൊഴിലുകള്‍ വെച്ചു നീട്ടിയാണ് നമ്മെ മാടി മാടി വിളിക്കുന്നത് എന്ന ആത്മാര്‍ത്ഥമായ ഒരന്വേഷണം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന വേദവാക്യം അന്വര്‍ത്ഥമാ‍ക്കിക്കൊണ്ട് ഒരുനാള്‍ ഞാനും കണ്ടെത്തി; ഒരു എമണ്ടന്‍ പരസ്യം!

“മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ ട്രെയ്നിംഗിനു ശേഷം മാനേജര്‍ തസ്തികയില്‍ 15000 രൂപ ശമ്പളത്തില്‍ സ്ഥിര നിയമനം. ട്രെയ്നിംഗ് കാലയളവില്‍ പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ്. ഉടന്‍ അപേക്ഷിക്കുക…”

ഒരാന്തലോടെ കിടക്കപ്പായയില്‍ നിന്നു ചാടിയെഴുന്നേല്‍ക്കാന്‍ തുനിഞ്ഞതാണ്. എന്നാല്‍ ആത്മസംയമനം പാലിക്കാന്‍ പൂര്‍വ്വാനുഭവങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചവശ്യപ്പെട്ടതിനാല്‍ വലിയ ആമോദമൊന്നും പുറത്തു കാട്ടാതെ പതുക്കെമാത്രം എഴുന്നേറ്റു. അനുഭവം ഗുരു…ഓരോ പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമ്പോഴും പൊറുതിമുട്ട് വീട്ടുകാര്‍ക്കാണ്.
ലോട്ടറിയടിച്ച വിവരം പറയാന്‍ പാഞ്ഞു വരുന്ന ഏജന്റിനെപ്പോലെ കുതിച്ചൊരു വരവാണ് വീട്ടിലേക്ക്…പിതാജി കഴുത്തിനു പിടിക്കുമെന്നതിനാല്‍ ഇടപാടുകളത്രയും മാതാശ്രീയുമായാണ്.
ഓടിയണച്ച് വന്നിട്ട് ഒറ്റപ്പറച്ചിലാണ്..
“എട്, എട് അഞ്ചു രൂപയെട്..”
“ങ് ഹാ അഞ്ചു രൂപയോ, എന്തോത്തിനാ?”
“വിസ്തരിക്കാനൊന്നും സമയമില്ല, സര്‍ക്കാരിനെന്നെ ആവശ്യമുണ്ട്…ഇന്നയച്ചില്ലേപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പി.എസ്.സി ഫോം മേടിക്കണം”
“രണ്ട് രുവാടെ ഫോമിനെന്തിനാടാ അഞ്ചു രൂഫാ?”
“ങേ, വിജ്ഞാന ഭവന്‍ വരെ പോകാന്‍ സൈക്കിളു വാടക കൊടുക്കണ്ടായോ. അഞ്ചു രുവാ എടുക്കുന്നൊണ്ടോ ഇല്ലിയോ…”
പാവം, ജോലി കിട്ടുന്ന കാര്യമല്ലിയോന്നു വിചാരിച്ചു അഞ്ച് രൂപ എടുത്തു തരും. അതും മേടിച്ച് ‘കൂട്ടുകാരന്റെ സൈക്കിളുമെടുത്ത് ‘ പോകാന്‍ പോകുന്നതിനു മുമ്പ് ഉമ്മയോട് ഒരു സമാശ്വാസ ചോദ്യം ചോദിക്കും. “ഞാന്‍ കമ്പോളത്തില്‍ പോകുവാ, വീട്ടിലേക്കു വല്ലോം മേടിക്കണോ?”
വീട്ടുകാര്യങ്ങളിലുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല ഈ അന്വേഷണം; മറിച്ച് ഒരു കുംഭകോണ സാധ്യതയെ മുന്‍ നിര്‍ത്തിയാണ്. സാധനങ്ങളുടെ പുറത്തു രണ്ടു രൂപ വീതം കൂട്ടിപ്പറഞ്ഞ് ഇങ്ങനെ കുംഭകോണിക്കുന്നത് കൂട്ടുകാരോടൊപ്പം ചായക്കടേല്‍ പോകുമ്പം നാണംകെടാതിരിക്കാന്‍ മാത്രമാണ്.

ഒരു പി.എസ്.സി ഫോം അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് നടപ്പും ഇരിപ്പും. വീട്ടില്‍ വരുത്തുന്ന പത്രത്തിനോപ്പം എന്റെ സ്പെഷലായി വരുത്തുന്ന ബാലരമ, പൂമ്പാറ്റ, മാതൃഭൂമി വാരിക തുടങ്ങിയ പീരിയോഡിക്കത്സിന്റെ കിട്ടാക്കടം പത്രക്കാരന്‍ പയ്യന്‍ ചോദിക്കുമ്പോള്‍ അവജ്ഞയോടെ ഒരു പറച്ചിലുണ്ട്…”ഡേയ് പയ്യന്‍സ്, അധികം ഞെളിയല്ലേ, അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കയ്യിക്കിട്ടാന്‍ പോകുവാ. നീ പോയിട്ടു പിന്നെ വാ..” ഇന്‍സ്റ്റാള്‍മെന്റിനു പുസ്തകം തരുന്ന മോഹന്‍ ചേട്ടന്‍ റെവന്യൂ റിക്കവറിക്ക് മുതിരുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പും ഇതുതന്നെ.
ടെസ്റ്റിനു പോകാന്‍ വണ്ടിക്കൂലി, വഴിച്ചെലവ്, പള്ളീലെ കാണിക്കവഞ്ചിയില്‍ നേര്‍ച്ച (ദൈവമേ ക്ഷമിക്കണേ) തുടങ്ങിയ ഇനങ്ങളിലായി വന്‍ സാമ്പത്തിക ബാ‍ധ്യത വീട്ടുകാര്‍ക്കു നിരന്തരം വരുത്തിവെച്ചിട്ടും സര്‍ക്കാരിന്റെ അനുഗ്രഹത്താല്‍ ഇതുവരെ യാതൊരു ഉള്‍വിളിയും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തതിനാലാണ് പുതിയ സ്വകാര്യ ജോലിപ്പരസ്യത്തെക്കുറിച്ച് വീട്ടില്‍ പറയാന്‍ അശേഷം ധൈര്യമില്ലാതെ പോയത്. എന്തായാലും ഈ വിവരം ഇപ്പോള്‍ പറയണ്ട. കൂടുതല്‍ സാധ്യതകള്‍ അറിഞ്ഞിട്ടു പറഞ്ഞാല്‍ മതിയെന്നു ഉറപ്പിച്ചു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിച്ചു. ചെങ്ങന്നൂരിലാണ് ആപ്പീസ്. ഇന്റര്‍വ്യൂവിന്റെ തീയതിയും പറഞ്ഞുതന്നു. ഇന്റര്‍വ്യൂവിന് അറ്റന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിനടുത്താണ് ഓഫീസ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ സിമ്പളന്മാരായ രണ്ടു ചെറുപ്പക്കാര്‍. അവര്‍ സാ‍യിപ്പിന്‍ കുഞ്ഞുങ്ങളെപ്പോലെ വാ തോരാതെ ഇംഗ്ലീഷ് പറഞ്ഞുകോണ്ടേയിരുന്നു. വലിയ മാര്‍ക്കറ്റിംഗ് കമ്പനിയാണ്. എറണാകുളത്താണ് ഹെഡ്ഡാപ്പീസ്. ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം ഓഫീസുകളുണ്ട്. നിയമനം അവിടെ എവിടേക്കുമാകാം. തയ്യാറാണെങ്കില്‍ ട്രെയ്നിംഗിനു ചേരാം. മാസം ആറായിരം രൂപ സ്റ്റൈപന്‍ഡ് തരുന്നതായിരിക്കും. ട്രെയ്നിംഗ് സമയത്ത് മിടുക്ക് തെളിയിക്കുന്നവര്‍ക്ക് മാനേജരായി പോസ്റ്റിംഗ്. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ഇനി മാനേജരായി ജോലി ലഭിച്ചില്ലെങ്കിലെന്ത്? കുറേക്കാലം ഈ ട്രെയ്നിപ്പണി തന്നെ ധാരാളം…ആറായിരമല്ലേ ഉറപ്പായിട്ടുംകിട്ടാന്‍ പോകുന്നത്. അത്യാവശ്യം ഇടപാടുകള്‍ക്കൊരു നിവൃത്തിയാകും.ചേരേണ്ട ദിവസം അവര്‍ അറിയിക്കും. നല്ല എക്സ്ക്യൂട്ടീവ് വേഷവിധാനങ്ങള്‍ ആയിരിക്കണം. ടൈ വേണം, ഷൂസ് വേണം, ഫുള്‍ക്കൈ ഷര്‍ട്ട് വേണം. ഉള്ളിലൊരാന്തലുണ്ടായെങ്കിലും നന്ദി പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. മടക്കയാത്രയില്‍ ചിന്ത മുഴുവന്‍ ടൈയിനെയും ഷൂസിനെയും പുതിയ ഡ്രെസ്സിനെയും കുറിച്ചായിരുന്നു. എന്തായാലും വീട്ടുകാരോട് ചോദിക്കാന്‍ ധൈര്യമില്ല. തന്നെയുമല്ല, എവിടുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഇതെല്ലാം മേടിച്ചാലും മുപ്പതാം പക്കം കടം വീട്ടാമല്ലോ? ബാക്കി നല്ലൊരു തുക വീട്ടില്‍ കൊടുക്കുമ്പോള്‍ അവര്‍ കണ്ണു മിഴിക്കുന്നത് എനിക്കൊന്നു കാണുകേം ചെയ്യാം.

ബസ്സിറങ്ങി ആദ്യം പോയത് ട്യൂട്ടോറിയല്‍ കോളജിലേക്കാണ്. പ്രിന്‍സി സ്ഥലത്തുണ്ട്.
“സാറേ, ഞാന്‍ രാജി വെക്കുകയാണ്”.
രാജിക്കാര്യം പറയുമ്പോള്‍ പ്രിന്‍സിപ്പാള്‍ ഓമനപ്പിള്ള സാര്‍ അമ്പരക്കുമെന്നും ഏതുവിധേനയും കാലുപിടിച്ചും എന്റെ സേവനം തുടര്‍ന്നും ആവശ്യപ്പെടുമെന്നും വിചാരിച്ച എനിക്കു തെറ്റി. പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും ഓമനപ്പിള്ള സാറിന്റെ മുഖത്ത് ഉണ്ടായില്ല.
“രാജിയൊന്നും വേണ്ട, എവിടാന്നു വെച്ചാല്‍ അങ്ങു പോയിത്തന്നാല്‍ മതി”.
സര്‍ക്കാരു സ്കൂളിലായിരുന്നെങ്കില്‍ അധ്യാപക അവാര്‍ഡിനു വരെ പരിഗണിച്ചേക്കാവുന്ന തരത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഒരധ്യാപകനോടാണ് ഈ അപഹാസം.
‘അയ്യടാ, അല്ലങ്കിലീ കുട്ടിപ്പെരേല് എന്നും ഓസിനു ഒലത്താന്‍ എനിക്കെന്താ തല കടിക്കുന്നോ‘ എന്നൊരു വാചകം മനസ്സില്‍ തികട്ടിയെങ്കിലും ശമ്പളബാക്കിയുടെ പകുതിയെങ്കിലും വാങ്ങിയെടുക്കാന്‍ അനുനയമേ പാടുള്ളൂ എന്ന വിചാരത്താല്‍ ഞാന്‍ പറയാന്‍ വന്നതു വിഴുങ്ങി.

“അപ്പം സാറേ, എനിക്കൊരു ജോലി കിട്ടി. അത്യാവശ്യമായും കുറെ രൂപാ വേണമായിരുന്നു”
പ്രിന്‍സിപ്പാള്‍ തുറിച്ചു നോക്കി. “തനിക്കൊക്കെ അഞ്ചു പൈസ കടം തരുന്ന പ്രശ്നമില്ല”
“അയ്യോ സാറേ, കടം വേണ്ട, എന്റെ ശമ്പള ബാക്കി മതി”
പ്രിന്‍സി ഒന്നു പരുങ്ങി. “ഇപ്പം എക്സാം നടക്കുവല്ലിയോ…പുള്ളാരുടെ ഫീസൊന്നും കിട്ടുന്നില്ല”
“അങ്ങനെ പറയല്ലേ സാറേ, മൊത്തോം വേണ്ട, ഒരഞ്ഞൂറു രൂപ മതി. ഒരു ജോലിക്കാര്യത്തിനല്ലേ”
“അഞ്ഞൂറു രൂപയോ? അതുണ്ടേല്‍ ഞാന്‍ രാജാവായിരുന്നു. പത്തോ ഇരുപത്തഞ്ചോ വേണേല്‍ തരാം”
എനിക്കു കലിച്ചു. ഭീഷണി പ്രയോഗിച്ചാലോ. “ഇരുപത്തഞ്ച് ഉലുവാ സാറ് വായിലോട്ടിട്ടു വെള്ളമൊഴി. എടോ പ്രിന്‍സിപ്പാളേ, താന്‍ ഈ അധ്യാപകരെയെല്ലാം വഞ്ചിച്ചു എത്രനാള് ഈ കാളേജ് നടത്തുമെന്നു എനിക്കൊന്നു കാണണം. ഞാനീ സാറന്മാരെയെല്ലാം ചേര്‍ത്ത് അപ്പുറത്തു വേറെ ടൂട്ടോറി കെട്ടും. കാണണോടോ തനിക്ക്”
“എന്നാ ഇവരേം വിളിച്ച് താന്‍ ചെന്നു ടൂട്ടോറി കെട്ടിയാട്ടെ. കൊറേ നാളായി ഒരു കോഴിക്കട നടത്തണമെന്നും പറഞ്ഞിരിക്കുവാ…ഇവിടെ കോഴിയെ വളത്തിയാ എന്റെ ജീവിതം പച്ചപിടിക്കും. വിളിച്ചോണ്ട് പോടോ സാറന്മാരെ”

ആ വഴിയും അടഞ്ഞു. ഒത്തിരി ആലോചിച്ചു. ഒടുക്കം ഒരു വഴി തെളിഞ്ഞു; ഒടുക്കത്തെ വഴി. ഇതെന്തായാലും അങ്ങനെ ചീറ്റിപ്പോകത്തില്ല.
“ടീ മോളൂ, നിന്റെ ആ മോതിരം ഇഞ്ഞോട്ടൊന്നു താ…അടുത്ത മാസം പണയമെടുത്തു തരാം…” അവള്‍ അമ്പരപ്പോടെ നോക്കി.
“എനിക്കൊരു ജോലി കിട്ടിയെടീ, ഇച്ചിരി ചെലവുണ്ട്. പ്ലീസ്”
“അയ്യോ, മോതിരം വീട്ടില്‍ ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും?”
പെട്ടൊന്നൊരുപായം.“കളഞ്ഞു പോയെന്നു പറ, അപ്പം പണയത്തീന്നു തിരിച്ചെടുത്തില്ലെങ്കിലും പ്രശ്നമില്ലല്ലോ” ഞാന്‍ മാനത്ത് നോക്കി ഒരു വിഡ്ഡിച്ചിരി ചിരിച്ചു.

മോതിരം പണയം വെച്ച കാശിനു അത്യാവശ്യം ഒരു ജോടി ഡ്രെസ്സും ടൈയും വാങ്ങി. ഷൂ നിലവിലുള്ളത് തന്നെ ധാ‍രാളം. വീട്ടില്‍ ലളിതമായി കാര്യം പറഞ്ഞു. ജോലിയെന്നല്ല, ട്രെയ്നിംഗ് ആണെന്നു മാത്രം. ഇനി ഉദ്ദേശിക്കുന്നതു പോലെ ഒന്നും നടന്നിലെങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് നമുക്കുണ്ടായല്ലേ പറ്റൂ. വീട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കി പറ്റിക്കരുതെന്ന ആഗ്രഹവും ഉണ്ടായിരുന്നു.

ജോലിക്ക് ചേരേണ്ട ദിവസം രാവിലെ അനുഗ്രഹവും വാങ്ങി പുറപ്പെട്ടു. ഓഫീസിലെത്തി, നിയമന രേഖകളില്‍ ഒപ്പുവെച്ചു. അപ്പുറത്തെ ഹാളിലേക്ക് ചെല്ലാന്‍ നിര്‍ദ്ദേശം കിട്ടി. മീറ്റിംഗുണ്ടത്രേ. ഞാന്‍ മീറ്റിംഗ് ഹാളിലേക്ക് നടന്നു. അവിടെ പത്തുപന്ത്രണ്ട് ചെറുപ്പക്കാര്‍ എന്‍.സി.സി കേഡറ്റുകളെപ്പോലെ വരിയായി നില്‍ക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കാന്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. ആരും ഒന്നും മിണ്ടിയില്ല. ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ പരിഭ്രമിച്ചു. അല്പനിമിഷങ്ങള്‍ക്കകം ചെറുപ്പക്കാരനായ മനേജര്‍ സാര്‍ ആഗതനായി. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രാഷ്ട്രത്തലവനെപ്പോലെ ഞങ്ങള്‍ക്കു മുന്നിലൂടെ അയാള്‍ രണ്ടു ചാല്‍ നടന്നു. എന്നിട്ടു അഭിമുഖമാ‍യി നിന്നിട്ട് ചിരി താഴെ വീണു പോകാതിരിക്കാന്‍ പ്രയാസപ്പെട്ടെന്ന വണ്ണം ഒന്നു പുഞ്ചിരിച്ചു. ഞാന്‍ കണ്ണുകള്‍ താഴ്ത്തി.

“പുതിയവര്‍ക്ക് ഇന്നും നാളെയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സാണ്. സീനിയേഴ്സിനു ഫീല്‍ഡില്‍ പോകാം”. ഉടന്‍ കുറെയെണ്ണം അപ്പുറത്തൊരു മുറിയിലേക്കു പായുന്നത് കണ്ടു.

ഹാളില്‍ പുതിയവര്‍ മാത്രമായപ്പോള്‍ മനേജര്‍ സാര്‍ ഞങ്ങളെ അലിവോടെ ഒന്നുനോക്കിയിട്ട് ഇപ്രകാരം പ്രസംഗം തുടങ്ങി.
“പ്രിയ കാണ്ടാമൃഗങ്ങളേ…”
ങ് ഹേ! ഞാന്‍ അമ്പരപ്പില്‍ മുഖമുയര്‍ത്തി. അയാള്‍ പിന്നില്‍ ഒളിപ്പിച്ചു വെച്ച കാണ്ടാമൃഗത്തിന്റെ ഒരു ശില്പം പുറത്തെടുത്തു.
“ഈ കമ്പനിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വാഗതം. ഹാവ് യു എവെര്‍ സീന്‍ റൈനോസെര്‍സ്… റൈനൊ..കാണ്ടാമൃഗം…ഇതു നമ്മുടെ കമ്പനിയുടെ എംബ്ലമാണ്. എന്താണ് കാണ്ടാമൃഗത്തിന്റെ പ്രത്യേകത? പറയൂ…”
“തൊലിക്കട്ടി..” ആരോ ഒരുവന്‍ പ്രതിവചിച്ചു.
“കറക്റ്റ് ! നിങ്ങള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്തോളം കാണ്ടാമൃഗങ്ങളായിരിക്കണം. അതായത് നല്ല തൊലിക്കട്ടിയുണ്ടായിരിക്കണം“

ഞാന്‍ ചിന്താക്കുഴപ്പത്തിലായി. എന്തൊക്കെയാണ് സംഭവിക്കുന്നത്? തൊലി സീല്‍ ചെയ്യുന്ന പരിപാടിക്കാണോ പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നു പറയുന്നത്? എന്താണ് ഇവിടുത്തെ ജോലി..കാണ്ടമൃഗമാകാനുള്ള ട്രെയ്നിംഗ് എന്തിനു വേണ്ടി?
അദ്ദേഹം തുടര്‍ന്നു: “ഡിയര്‍ ഫ്രണ്ട്സ്…ഓള്‍ ഇന്ത്യാ ലെവലില്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് നമ്മുടേത്. വിവിധങ്ങളായുള്ള ഉത്പന്നങ്ങള്‍ മാര്‍കറ്റിലെത്തിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. നമ്മുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും മുമ്പ അതിനുള്ള കാമ്പൈന്‍ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്.“
എനിക്ക് കാര്യങ്ങള്‍ അത്രക്കങ്ങോട്ടു വിളങ്ങിയില്ല.
“ഇപ്പോള്‍ നാം ഡയറക്ട് മാര്‍ക്കറ്റിംഗാണ് ചെയ്യുന്നത്. അതായത് നമ്മുടെ പ്രത്യേകതരം പ്രോഡക്റ്റുകള്‍ നിങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കണം”.
ങ് ഹേ! ഞാന്‍ ഞെട്ടി. ഇപ്പോള്‍ സംഗതിയുടെ കിടപ്പു മനസ്സിലായി. നാലണക്ക് കൊള്ളാത്ത നാലാംകിട സാധനങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി കച്ചോടം ചെയ്യണ പണിയാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗ്; മുതുകില്‍ ഒരു മാറാപ്പും തൂക്കി എക്സിക്യൂട്ടീവ് ആയി വേണം പോകാനെന്നു മാത്രം. ദൈവമേ! അന്യായ പണിയാണല്ലോ കിട്ടിയത്. എനിക്കു സങ്കടവും നിരാശയും ഒക്കെയുണ്ടായി. അപ്പോള്‍ത്തന്നെ അവിടം കാലിയാക്കാന്‍ തുനിഞ്ഞതാണ്. ഒന്നു തിരിഞ്ഞപ്പോഴേക്കും തലച്ചോറില്‍ ഒരു മണി മുഴങ്ങി…അവളുടെ മോതിരം! ഓമനപ്പിള്ള സാറിനോടുള്ള വെല്ലുവിളി…അടുത്ത നിമിഷം ഇങ്ങനെ ചിന്തിച്ചു…എന്തു പണ്ടാരമെങ്കിലുമാകട്ടെ…ഒന്നു നോക്കിയേക്കാം…മോതിരത്തിന്റെ കാശ് വസൂല്‍ ആകുന്നതു വരെ ഒന്നു പിടിച്ചു നിന്നേ പറ്റൂ…

“ലിസണിയര്‍..” മനേജര്‍ തുടരുകയാണ്. “നോക്കൂ, നിങ്ങള്‍ക്ക് ഈ ട്രെയ്നിംഗ് കാലയളവില്‍ മാസം കുറഞ്ഞത് 6000 രൂപ വരെ സമ്പാദിക്കാം. നിങ്ങളുടെ കഴിവും മിടുക്കുമനുസരിച്ച് അത് എത്ര വേണമെങ്കിലും ഉയര്‍ത്താം. അതായത് നിങ്ങള്‍ 150 രൂപ വിലയുള്ള ഒരു പ്രോഡക്റ്റ് വില്‍ക്കുമ്പോള്‍ 10% കമ്മീഷന്‍ നിങ്ങള്‍ക്ക് കിട്ടുന്നു. ശരാശരി 20 പ്രൊഡക്റ്റ് ഒരു ദിവസം മാര്‍കറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 300 രൂപ. ഒരു മാസത്തിലോ? 9000. അവധി
ദിവസങ്ങളും മാര്‍കറ്റിംഗിലെ വ്യതിയാനങ്ങളും ഒഴിച്ചാല്‍ ശരാശരി 6000 ഉറപ്പായിട്ടും കിട്ടും…”

അതുശരി, അപ്പോള്‍ 6000 ത്തിന്റെ ഗുട്ടന്‍സ് പിടികിട്ടി. ഇമ്മിണി പുളിക്കുമെന്നേയുള്ളൂ…

“ഫ്രണ്ട്സ്, നിങ്ങള്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ഒരു ദിവസം ശരാശരി 100 പേരെയെങ്കിലും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയും. ഒരു മാസത്തിലോ? 3000. മാസം മൂവായിരത്തിലധികം ആളുകളുമായി ഇടപെടാന്‍ കഴിയുക എന്നത് മഹാകാര്യമാണ്. നിങ്ങള്‍ക്ക് ആളുകളുടെ പെരുമാറ്റം മനസ്സിലാകും, അവരോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ പഠിക്കും…അതിലൂടെ നിങ്ങളുടെ വ്യക്തിത്വം വികസിക്കും.”
പേഴ്സണാലിറ്റി ഡെവല്പ്മെന്റ് ക്ലാസ് അവിടെത്തീര്‍ന്നു. ഇനി എന്താണാവോ?
അയാള്‍ തുടരുകയാണ്: “ നോക്കൂ, നിങ്ങളോട് ആള്‍ക്കാര്‍ പലതരത്തില്‍ പ്രതികരിച്ചുവെന്നു വരും. നിങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യരുത്. ബികോസ്..യു ആര്‍ റൈനോസ്…”
ഹെന്റമ്മേ എനിക്കു കരച്ചില്‍ വന്നു. നാട്ടുകാരുടെ ചീത്തവിളി ഉറപ്പ്. എന്നാലും ഒരു കൈനോക്കിക്കളയാം. കായകുളത്തുകാരുടെ കണ്ണില്‍ അത്രയെളുപ്പം പെടാത്ത ആറന്മുള, തിരുവല്ല, കോടഞ്ചേരി, ചെങ്ങന്നൂര്‍ കിഴക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു; അത്യാവശ്യം കടങ്ങള്‍ ഒന്നു വീടുന്നതു വരെ മാത്രം…..

(തീരുന്നില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ക്ലൈമാക്സില്‍ പര്യവസാനിച്ച ഡയറക്റ്റ് മാര്‍ക്കറ്റിംഗ് മാര്‍ഗ്ഗമധ്യേ ഞാനനുഭവിച്ച ഏതാനും സംഗതികള്‍ കൂടി പറഞ്ഞാലേ ഇതു പൂര്‍ണ്ണമാകൂ…അടുത്ത പോസ്റ്റില്‍ അത് പറഞ്ഞു നിങ്ങളെ കൊല്ലുന്നതായിരിക്കും…‍അതിനാല്‍ ഇതു തുടരും)

ജനുവരി 25, 2007

അങ്ങനെ ഓരോന്ന്…

Filed under: Uncategorized — ::സിയ↔Ziya @ 2:36 pm

അങ്ങനെ ഓരോന്ന്…
അങ്ങനെയിരിക്കുമ്പോള്‍ ഓരോ തോന്നലുകള്‍…ഓരോ ഉള്‍വിളികള്‍ അങ്ങനെയിരിക്കുമ്പോള്‍ ഓരോ പ്രതികരണങ്ങള്‍… അങ്ങനെയിരിക്കുമ്പോള്‍ ചില കളികള്‍, ചില കാര്യങ്ങള്‍ അങ്ങനെ അങ്ങനെ…“അങ്ങനെ ഓരോന്ന്…”

Blog at WordPress.com.