അങ്ങനെ ഓരോന്ന്…

ഫെബ്രുവരി 22, 2007

രസഗുള

Filed under: Blogroll — ::സിയ↔Ziya @ 5:49 am

നാലു മണിക്കത്തെ ചായേടെ കൂടെ വെറുതേ കടിക്കാന്‍ വല്ലപ്പളും ഓരോന്ന്…

ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.

കുടിച്ചു കുടിച്ചു നടന്നു തളര്‍ന്ന് അവര്‍ ഒരു പീടികത്തിണ്ണയിലെത്തി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില്‍ തളര്‍ന്ന് അവരാ ഛര്‍ദ്ദിലില്‍ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ദേഹത്തും കാലിലും നിലത്തുമെല്ലാം ഛര്‍ദ്ദിയുടെ അവശിഷ്‌ടങ്ങള്‍. സദാശിവന്റെ അടുത്താണ് ദാമോദരന്‍ കിടന്നിരുന്നത്. ഒടുവില്‍ ഒരു കാക്ക വന്ന് അവരുടെ ഛര്‍ദ്ദിലില്‍ ഓണസദ്യ ഉണ്ണാന്‍ തുടങ്ങി. കൈയനക്കാന്‍ പറ്റുന്നില്ല. അവസാനം ദാമോദരന്റെ മുഖത്തുള്ള അവശിഷ്‌ടങ്ങള്‍ കാക്ക കൊത്താന്‍ തുടങ്ങി. സദാശിവന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു: ‘കാക്ക കൊത്തണടാ’

ദാമോദരന്റെ മറുപടിയും ദുര്‍ബ്ബലമായിരുന്നു: ‘കാണണ്‍‌ണ്ടടാ’

സദാശിവന്‍  വീണ്ടും: ‘ന്നാ കാക്കയെ ഓടിക്കെടാ’

ജീവച്ഛവം പോലെ കിടന്നുകൊണ്ട് ദാമോദരന്‍ പറഞ്ഞു: ‘ഓടിക്ക്‍ണ്‌ണ്ടെടാ’.

***************

ടിപ്പ് ഓഫ് ദ ഡേ : ചിലരെങ്കിലും ഒരു ഫലിതം കേട്ടാല്‍ മൂന്നു പ്രാവശ്യം ചിരിക്കും. ഒന്ന് എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. രണ്ടാമത് ആ ഫലിതം മന്‍സ്സിലാകുമ്പോള്‍, മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും.

ഫെബ്രുവരി 19, 2007

ഹാര്‍ഡ്‌വെയറും ഞാനും പിന്നെ IRQ വും…

Filed under: Blogroll — ::സിയ↔Ziya @ 2:34 pm

ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില്‍ കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്‍ഡ്‌വെയര്‍  ‘എഞ്ചിനീയര്‍’മാര്‍ക്ക് ഞങ്ങടെ നാട്ടില്‍ ഒരൊന്നൊന്നര വെയ്‌റ്റായിരുന്നു.  ഞങ്ങടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 486 നന്നാക്കാന്‍ വരുന്ന എഞ്ചിനീയര്‍ സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്‍സ് ബാബ്ബേജ് പോലും അവരെക്കഴിഞ്ഞേയുള്ളൂ.  അവരു കമ്പ്യൂട്ടറു നന്നാക്കുമ്പം ചുറ്റും നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റേം സാറമ്മാരുടേം ഒരു ഭവ്യത! ഒരു ബഹുമാനം!

486 എന്നു കേട്ട് പണ്ടു പണ്ടു നടന്നൊരു സംഭവമാണെന്നു തെറ്റിദ്ധരിക്കണ്ട. വേറേ ഇന്‍സ്റ്റിട്ട്യൂട്ടിലൊക്കെ പീത്രി വെലസുമ്പളും ഞങ്ങടെ സ്ഥാപനത്തില്‍ 486 തന്നെ രാജാവ്. മഹാനായ ഡോസ് ഓയെസ്സിന്റെ നെഞ്ചത്ത് കേറി ആര്‍മ്മാദിക്കുന്നത്  അപ്സരകന്യകളായ വേഡ്‌സ്റ്റാര്‍, ലോട്ടസ്, ഡീബെയ്സ് തുടങ്ങിയവര്‍. കൂട്ടിന്‍ ഒരു വിദൂഷകന്റെ റോളില്‍ ബേസിക്കും. സംശയിക്കണ്ട, പ്ലേ പറഞ്ഞിട്ട് എ.ബി.സി.ഡി അടിച്ച് റണ്‍ പറയുമ്പോള്‍ സംഗീതം പൊഴിക്കുന്ന അതേ ബേസിക് തന്നെ. സാറമ്മരൊക്കെ പറേന്നത് കേള്‍ക്കാം: “കോബോളൊക്കെ അറുപഴഞ്ചനാണടോ“.

തന്നേമല്ല, കോട്ടയത്തു പോയി ഹാര്‍ഡ്‌വെയര്‍ പഠിച്ച് ചങ്ങനാശ്ശേരീല്‍ ജോലി കിട്ടിയഅനില്‍ ഞങ്ങടെ പ്രദേശത്തെ താരമായിരുന്നു. ഞങ്ങടെ നാട്ടിലെ ഒരേയൊരു ഹാര്‍ഡ്‌വെയര്‍. വേഡും എക്സലും പഠിക്കാന്‍ പോകുന്ന സോഫ്റ്റ്വെയറന്മാര്‍ക്കു പോലും ആരാധ്യപുരുഷന്‍. അനിലാന്നെങ്കി ചങ്ങനാശ്ശേരീ ജോലി. നാട്ടില്‍ മരുന്നിനു പോലും വേറൊരു ഹാര്‍ഡ്‌വെയര്‍ ഇല്ല. ഇതെങ്ങനെങ്കിലും ഒന്നു പഠിച്ചെടുത്താല്‍ ഒരു വെലസു വെലസാമെന്ന എന്റെ മോഹം തികച്ചും ന്യായമായിരുന്നു.

അനിലു പഠിച്ച അതേ സ്ഥാപനത്തില്‍ തന്നെ ഹാര്‍ഡ്‌വെയര്‍ പഠിക്കാന്‍ ചേര്‍ന്നു. അനിലിന്റെ റെക്കമന്റേഷന്‍. ആ വകയില്‍ അഞ്ഞൂറു രൂപ എന്റെ ഫീസില്‍ നിന്ന് അവനു കമ്മീഷന്‍ കിട്ടിയെന്നു പിന്നീടാണ് ഞാനറിഞ്ഞത്. ഹ ഹ ഹ അങ്ങനെ ഞാനും ഹാര്‍ഡ്‌വെയര്‍ ലോകത്തേക്ക് കാലെടുത്തു വെച്ചു. ഞാന്‍ വളരെ അഡ്‌വാന്‍സ്‌ഡായിത്തന്നെ ചിന്തിച്ചു. നിറയുന്നേനു മുമ്പ് തുളുമ്പിക്കാണിക്കണം. മാര്‍ക്കറ്റിംഗില്ലാതെ ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?

ഹാര്‍ഡ്‌വെയര്‍ പഠിച്ചുതുടങ്ങിയ കാര്യം പരമാവധി പബ്ലിസിറ്റി ചെയ്തെന്റെ വായ കഴച്ചു. ആയിടക്ക് ആരെ, എവിടെ, എന്തിനു കണ്ടാലും ഇങ്ങനെയൊരു വാചകം ഞാന്‍ നിശ്ചയമാ‍യും ഫിറ്റ് ചെയ്തിരിക്കും. “ഈയിടെയായി തീരെ സമയമില്ല കേട്ടോ, ഞാന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കുകയല്ലേ, ഡെയ്‌ലി പോയി വരണം…”

ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഉപയോഗശൂന്യമായ മദര്‍ബോര്‍ഡ്, പവര്‍ സപ്ലൈ, മോഡം മുതലായവ ഉടന്‍ തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൊണ്ടുവരും. പിന്നെ കല്യാണവീടായാലും മരണവീടായാലും മദര്‍ബോര്‍ഡും കയ്യില്‍പ്പിടിച്ചാണ് പോകുന്നത്. ചെറുപ്പക്കാരാണ് ചോദിക്കുന്നതെങ്കില്‍ മറുപടി ഇങ്ങനെ: “സര്‍വ്വീസിനു തന്നതാ, ഇതിന്റെ നോര്‍ത്തു ബ്രിഡ്ജിനു എന്തോ തകരാറുണ്ട്. ശ്ശെടാ, ഇതെങ്ങോട്ടെങ്കിലും ഒന്നു വെച്ചിട്ടു വേണമല്ലോ സദ്യക്കിരിക്കാന്‍…പണിയൊഴിഞ്ഞിട്ടൊരു കല്യാണം കൂടാനും സമ്മതിക്കൂല്ലന്നു വെച്ചാല്‍…”

ഇത്തിരി പ്രായമുള്ളവര്‍ ചോദിക്കുകയാണെങ്കില്‍ മറുപടി അല്പം കൂടി വിശാലമാണ്. “ഹ ഹ, അതേ ഇത് കമ്പ്യൂട്ടറിന്റെ മദര്‍ബോര്‍ഡെന്നു പറയുന്ന സാധനമാ, ഫയങ്കര വെലയാ. നമ്മടെ സദാശിവന്‍ ഡോക്റ്ററുടെ വീട്ടിലെ കമ്പ്യൂട്ടറിന്റെയാ. ദാ, ഇതാണ് മോഡം. ഇതിനാത്തു കൂടിയാ ഈ എന്റര്‍നെറ്റൊക്കെ വരുന്നത്. ഇതു രണ്ടും കേടാ, റിപ്പയര്‍ ചെയ്യാന്‍ തന്നതാ…”

ഇമ്മാതിരി ടെക്‍നിക്കുകള്‍ക്കു പുറമേ, പഠിക്കും മുമ്പേ ഞാന്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയതിനു പിന്നില്‍ എന്റെ അനിയമ്മാരുടേം അടുത്ത കൂട്ടുകാരുടേം അമ്മാവന്റെ മക്കടേം വിലയേറിയ അധ്വാനമുണ്ട്. വിലയേറിയത് എന്നതിന്റെ താല്പര്യം, എനിക്കു വേണ്ടിയുള്ള പ്രചരണപരിപാടികളുടെ പ്രതിഫലം അവന്മാര്‍ ക്യാഷ്, പൊറോട്ട-ഇറച്ചി, ബിരിയാനി മുതലായവയായി എന്നില്‍ നിന്നും പൂര്‍ണ്ണമായി വസൂലാക്കിയിട്ടുണ്ട് എന്നതാണ്.

പഠിക്കാന്‍ പോയി ഒരു മാസമേ ആയുള്ളൂ, അതാ വരുന്നു സര്‍വ്വീസിനുള്ള ആദ്യക്ഷണം. പത്തിയൂരില്‍ എന്റെ ഉമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തു കൊടുക്കണം. എന്റെ ഇളയ അമ്മാവനാണ് ഈ പ്രോജക്റ്റിലേക്ക് എന്നെ കരാര്‍ ചെയ്തത്. വല്യമ്മാവന്റെ മക്കള്‍ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഒന്നുരണ്ടുവട്ടം മദാലസാ ഡോട്ട് കോമും മലയാള മനോരമയും മമ്മൂട്ടി ഡോട്ട് കോമും കണ്ടിട്ടുള്ളതല്ലാതെ ഈ ലോകവലയെക്കുറിച്ച് യാതൊരു ബോധവും പൊക്കണവും എനിക്കില്ലായിരുന്നു. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍. പടച്ചോനേ, ഇത്രേം വേഗം ഇങ്ങനെയൊരു കുരിശു തലേല്‍ കെട്ടിവെക്കപ്പെടുമെന്ന് ഞാന്‍ നിനച്ചതേയില്ല. പഠിച്ചു തീരുവോളം ഒരു സാവകാശം ഈ നാട്ടുകാര്‍ തരില്ലെന്നോ? അതിരു കടന്ന പ്രചാരണം വരുത്തിയ ദോഷം. ഒഴിഞ്ഞു മാറാന്‍ അമ്മാവന്‍ സമ്മതിച്ചില്ല. എന്നെക്കുറിച്ച് അത്രയേറെ അമ്മാവന്‍ ആ വീട്ടുകാരോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമ്മാവനോടു പോലും സത്യം തുറന്നു പറയാന്‍ ദുരഭിമാനം എന്നെ അനുവദിച്ചതുമില്ല.

വരുന്നതു വരട്ടെ. അരക്കൈ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ? ഞാന്‍ കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് ഫോണ്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് വിശദമായി അന്വേഷിച്ചു. മൊത്തോമൊന്നും മന്‍സ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായതായി തോന്നി. ഒരു ധൈര്യമൊക്കെ സംഭരിച്ച് അമ്മാവനും ഞാനും കൂടി ആ വീട്ടിലെത്തി. അവിടെ പ്രായമായ ഒരമ്മാവനും അമ്മായീം അവരുടെ മരുമക്കളായ രണ്ടു സ്ത്രീകളും മാത്രം. ഗള്‍ഫിലുള്ള ഭര്‍ത്താക്കമ്മാരുമായി ചാറ്റ് ചെയ്യാനാണ് മരുമക്കള്‍ ലലനാമണികള്‍ക്ക് ഈ ഇന്റര്‍നെറ്റ്. ആര്‍ക്കും കമ്പ്യൂട്ടറിനെക്കുറിച്ചൊരു കുന്തോം അറിഞ്ഞുകൂടാ. ആഹാ..ധൈര്യമായി പണി പഠിക്കാം. എന്റെ ധൈര്യം കൂടി. സത്യത്തിന്റെ ഒരു വണ്‍ മന്ത് അണ്‍ലിമിറ്റഡ് ഞാന്‍ തന്നെ പോയി വാങ്ങിച്ചു. തൊട്ടുതൊഴുത് കണക്ഷന്‍ കര്‍മ്മങ്ങളാരംഭിച്ചു.  മനസ്സിലാകുന്ന കാര്യങ്ങള്‍ വളരെക്കുറവ്. ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. എവിടെയോ എന്തൊക്കെയോ പ്രശ്‌നങ്ങള്‍.  നേരം കുറേയായി. ഞാന്‍ വിയര്‍ത്തു. മനസ്സില്‍ ആകെ F1 വിളികള്‍. ദൈവമേ, രക്ഷിക്കണേ. എന്റെ ധൈര്യം ചോര്‍ന്നു തുടങ്ങി. എന്നെക്കോണ്ടിനി ഇതു നടക്കില്ല എന്ന തോന്നല്‍ ശക്തമായി. ഒരൈഡിയക്കു വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. മൌസില്‍ തുരുതുരാ ഞെക്കി. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ ഞാനെഴുന്നേറ്റു.

“ഓ.കെ”. ഞാന്‍ പറഞ്ഞു. എന്നിട്ടു കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. “ഇന്റെര്‍നെറ്റെല്ലാം ഓക്കെയായിട്ടുണ്ട്. പക്ഷേ 24 മണിക്കൂര്‍ കാത്തിരിക്കണം”.
“അതെന്തിനാ…” സ്ത്രീകളിരുവരും ഒരുമിച്ചു ചോദിച്ചു.
“അതോ, അത് കണക്ഷനുറയ്ക്കണം. ഞാനിപ്പോള്‍ കണക്ഷന്‍ റിക്വസ്റ്റ് മദ്രാസിലെഹെഡ്ഡാഫീസിലേക്കയച്ചിട്ടുണ്ട്. അതവിടെ ചെന്ന് കണക്ഷനുറക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. അതുവരെ ആരും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്. ഞാന്‍ നാളെ വൈകിട്ടു വരാം…” അമ്മാവനെ കാത്തുനില്‍ക്കാതെ ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി.

കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചെന്നു സാറമ്മാരുടെ കാലേ വീണു. എങ്ങനെങ്കിലും ഇന്നുതന്നെ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യാന്‍ എന്നെ പഠിപ്പിക്കണം. നാട്ടിലൊരിടത്ത് കണക്ഷനുറയ്ക്കാന്‍ വെച്ചിട്ടു വരുവാ…അഭിമാനത്തിന്റെ പ്രശ്‌നമാണ്..കൈവിടരുത്. അലിവു തോന്നിയ ശ്യാം സാര്‍  ഇന്റര്‍നെറ്റു കണക്റ്റു ചെയ്യുന്നതെങ്ങനെയെന്ന് അഞ്ചാറുവട്ടം ലൈവായി കാണിച്ചുതന്നു. വൈകുന്നേരം തന്നെ ഞാനാ വീട്ടില്‍പ്പോയി അക്ഷരാര്‍ത്ഥത്തില്‍ കണക്ഷനുറപ്പിച്ചു. രൂപാ 250 എണ്ണി മേടിക്കുവേം ചെയ്തു.

ഒന്നു രണ്ടു മാസം കഴിഞ്ഞായിരുന്നു അടുത്ത കോള്‍. ഇത്തവണ ഒരു കൂട്ടുകാരനാണ് ഇടനില. ഒരു അധ്യാപകന്റെ വീട്ടിലാണ് പ്രശ്‌നം. സൌണ്ട് കേള്‍ക്കുന്നില്ല.അത്രേയുള്ളൂ. ഞാന്‍ പരിശോധിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ ഹിസ്റ്ററിയും ഫണ്ടമെന്റത്സും മാത്രം കൈമുതലായുള്ള എനിക്ക് സൌണ്ട് ഡ്രൈവറിന്റെയൊക്കെ സങ്കീര്‍ണ്ണതകള്‍ മനസ്സിലായതേയില്ല. ഡിവൈസ്, ഡിവൈസ് മാനേജര്‍ ഇതിന്റെ തിയറികളിലേക്ക് മാത്രം കടന്നിട്ടേയുള്ളായിരുന്നൂ.

ഊരിപ്പോരണമല്ലോ. പ്രശ്നപരിഹാരത്തിനുള്ള പോം വഴികള്‍ വല്ലോം ആ തിയറിക്ലാസ്സുകളിലെങ്ങാനുമുണ്ടോ? ചിന്തകള്‍ ക്ലാസ്സിലേക്കു പറന്നു. ഓരോരോ ആലോചനകള്‍ക്കിടയില്‍  ശ്യാം സാറിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍. “മൈക്രോ പ്രോസ്സസറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഡിവസുകള്‍ സി.പി.യു വിലേക്കയക്കുന്ന സിഗ്‌നലുകളെയാണ് ഇന്ററപ്റ്റ് റിക്വസ്റ്റ് ക്വറി അഥവാ IRQ എന്നു പറയുന്നത്…”

ഹിയ്യടാ…പെട്ടെന്നൊരൈഡിയ മിന്നി. സൌണ്ട് കേട്ടില്ലേലും എനിക്കു പറപറക്കാം.ഞാന്‍ തിരക്കിട്ടു ബാഗു പരിശൊധിക്കാന്‍ തുടങ്ങി. അതിനാത്തുള്ള കൊറേ സീഡിയും ഫ്ലോപ്പീമെല്ലാം വാരി നിലത്തിട്ടു. ശ്ശെ ശ്ശെ എന്നു കൂടെക്കൂടെപ്പറഞ്ഞു. കൈ നെറ്റിയിലടിച്ചു. പാന്റ്സിന്റെ പോക്കറ്റെല്ലാം പരിശോധിച്ചു. അധ്യാപകനായ ഗൃഹനാഥന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്താ എന്തു പറ്റി?

നിരാശയോടെയും ക്ഷമാപണത്തോടെയും ഞാന്‍ പറഞ്ഞു: “ക്ഷമിക്കണം സാറേ, IRQ എടുക്കാന്‍ മറന്നു പോയി. IRQ  ഇല്ലാതെ ഒരു പണീം നടക്കത്തില്ല. ഒരു പക്ഷേ ഞാനത് കോട്ടയത്ത് വെച്ചു മറന്നതാരിക്കും. സാരമില്ല സാറ്, ഞാന്‍ IRQ എടുത്തോണ്ട് പിന്നെ വരാം…”

IRQ  എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ്‌ നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.

ഫെബ്രുവരി 15, 2007

ലബ്ബക്കഥകള്‍

Filed under: Blogroll — ::സിയ↔Ziya @ 11:36 am

മുല്ലാക്കഥകള്‍, സര്‍ദാര്‍ കഥകള്‍, സീതിഹാജിക്കഥകള്‍…കഥകള്‍ക്കെവിടെ പഞ്ഞം?
എന്നാല്‍ നമ്മുടെ നാട്ടില്‍ ലബ്ബക്കഥകള്‍ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല.
എന്തുകൊണ്ടെന്നാല്‍ ഈ ലബ്ബക്കഥകള്‍ ഞങ്ങടെ കായംകുളം നാട്ടില്‍ വള്രെ പ്രാദേശികമായി മാത്രം പ്രചരിച്ചിട്ടുള്ളതാകുന്നു.

നമ്മുടെ ലബ്ബ കായംകുളത്തു ജീവിച്ചിരുന്ന പൊതുകാര്യപ്രസക്തനായ ഒരു മാന്യദേഹമാകുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു ടി ലബ്ബ അവര്‍കള്‍. കഥകളിലധികവും ആരോപിതമാണെന്നു വ്യംഗ്യം.

കഥകളുടെ കോപ്പിറൈറ്റവകാശോം ചോദിച്ചോണ്ട് അരും വന്നേക്കരുത്. എന്തുകൊണ്ടെന്നാല്‍ ഈ കഥകളില്‍ ചിലത് ഒന്നല്ലെങ്കില്‍ മറ്റൊരു കോലത്തില്‍ പാണന്‍ പാടിനടന്നതാവാം; നായക കഥാപാത്രത്തിന്റെ പേരില്‍ മാറ്റം വന്നിരിക്കാമെന്നേയുള്ളൂ.ഏതാനും കഥകള്‍ നിങ്ങളുടെ ആത്മശാന്തിക്കായി പറയുന്നുവെന്ന മഹാപാതകം
ഇതിനാല്‍ ചെയ്തു തുടങ്ങുന്നു….

1) ലബ്ബ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്യുകയാണ്. കുറേ നേരം കഴിഞ്ഞപ്പോള്‍ ചെക്കിംഗ് ഇന്‍‌സ്പെക്റ്റര്‍ പരിശോധനക്കു വന്നു. ലബ്ബ നീട്ടിയ ടിക്കറ്റ് ഇന്‍‌സ്പെക്റ്റര്‍ പരിശോധിച്ചിട്ടു രണ്ടായി കീറി തിരികെ നല്‍കി. ഒരു നിമിഷം. ലബ്ബ ചാടിയെഴുന്നേറ്റ് ചെക്കിംഗ് ഇന്‍‌സ്പെക്റ്ററുടെ കരണക്കുറ്റിക്കിട്ടൊരൊറ്റയടി! ഠേ…
“ഹറാം പെറൊന്നേനെ, രണ്ടുരുവാ കൊടുത്തപ്പോള്‍ ആകെപ്പാടെ കിട്ടിയത് ഒരു കഷ്ണം കടലാസ്…നീ അതുംകൂടങ്ങു കീറിയോടാ..ഹിമാറേ”

ചെക്കിംഗ് ഇന്‍‌സ്പെക്റ്റര്‍ കേസു കൊടുത്തു. ലബ്ബ കോടതിയിലെത്തി;ആദ്യമായി. കേസു വിളിച്ചു. വക്കീല്‍ ലബ്ബയെ വിസ്തരിച്ചു. ലബ്ബ പറഞ്ഞു: “ സാറേ, അധ്വാനിച്ചൊണ്ടാക്കിയ രണ്ടുരുവാ കൊടുത്തപ്പോള്‍ ആകെപ്പാടെ കിട്ടിയത് ഒരു കഷ്ണം കടലാസാണ് സാറേ, ഈ മരങ്ങോടന്‍ അതു മേടിച്ചങ്ങു കീറി സാറേ…ഞാന്‍ കയ്യുംകെട്ടി നോക്കിയിരിക്കണോ..ഒന്നങ്ങു കൊടുത്തു..പോക്രിത്തരമല്ലേ അവന്‍ കാണിച്ചത് സാറേ”

കോടതി ഇളകി.ചിരിയും ബഹളവും. ജഡ്‌ജ് ഹാമ്മറെടുത്ത് (കൊട്ടുവടീന്നു പറയും ഞങ്ങടെ നാട്ടില്‍) മേശമേല്‍ രണ്ടു മുട്ടു മുട്ടി. “സൈലന്‍സ്, സൈലന്‍സ്…”

ഉടന്‍ ജഡ്ജിയെ നോക്കി ലബ്ബ: “അല്ലാശാരീ, ആശാരി പറ .പോക്രിത്തരമല്ലേ അവന്‍ കാണിച്ചത്…..“

*********************

2) ലബ്ബയുടെ ഗ്രാമത്തില്‍ തീ പിടിച്ചു. കായംകുളം ഫയര്‍സ്റ്റേഷനിലെ നമ്പര്‍ ആര്‍ക്കുമറിയില്ല. ഉടന്‍ ലബ്ബയും കൂട്ടരും ഒരു കാറു പിടിച്ച് കായംകുളം ഫയര്‍സ്റ്റേഷന്റെ മുമ്പില്‍ വന്ന് ബോറ്ഡിലെ നമ്പരെഴുതിയെടുത്ത് തിരികെ ഗ്രാമത്തില്‍പ്പോയി ഫയര്‍സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു.

********************

3) ലബ്ബയുടെ മകള്‍ക്ക് വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. ആലോചനകളെക്കുറിച്ച് ലബ്ബ നാട്ടുകാരോടെല്ലാം പറയുന്നതു കൊണ്ട് അസൂയാലുക്കളായ നാട്ടുകാരാണ് വിവാഹം മുടക്കുന്നതെന്നു ലബ്ബയുടെ ഭാര്യ.
പുതിയൊരാലോചന അന്വേഷിക്കാനിറങ്ങിയ ലബ്ബയോട് ‘ആരു ചോദിച്ചാലും എവിടെപ്പോകുന്നു എന്നു പറയരുത് ’എന്ന് ഭാര്യ ഉപദേശിച്ചു.

ലബ്ബ ബസ്സിലങ്ങനെയിരിക്കുകയാണ്. കണ്ടക്റ്റര്‍ വന്നു. “ങാ, എവിടേക്കാ….?”
“പ്‌ഭ! നായിന്റെ മോനേ, അതറിഞ്ഞിട്ടു വേണം നെനക്കെന്റെ മോടെ കല്യാണം മൊടക്കാന്‍ ഇല്യോടാ…..”

(തുടരും)

ഫെബ്രുവരി 8, 2007

ഡ:മാ: ഭാഗം ലാസ്റ്റ്

Filed under: Blogroll — ::സിയ↔Ziya @ 12:07 pm

പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില്‍ ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള്‍ ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്‍ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്‍സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില്‍ ഒട്ടൊക്കെ ആശ്വാസവും തെല്ലൊരു ആശ്ചര്യവും ജനിപ്പിച്ചു എന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഈ തിരിച്ചറിവാണ് പണ്ടാരടങ്ങിയ ഡയറക്റ്റ് മാ‍ര്‍ക്കറ്റിംഗുമായി മുന്നോട്ടുപോകുവാന്‍ എനിക്കേറ്റവും പ്രേരകമായത്. പെട്ടൊന്നൊരു തിരിച്ചുവരവും പതിവിന്‍പടി കലുങ്കിന്മേലിരിപ്പും നാട്ടുകാരിലുളവാക്കിയേക്കാവുന്ന വേദനയുടേയും നിരാശയുടേയും ആ‍ഴം എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. എന്തായാലും നഞ്ഞു, എന്നാപ്പിന്നെ വിസ്തരിച്ചൊന്നു കുളിച്ചു കേറിയാല്‍ ഉള്ള ചീത്തപ്പേരു നഷ്‌ടപ്പെടാതെ സൂക്ഷിക്കാമല്ലോ.

ഒരുനാള്‍ ജോലിയും കഴിഞ്ഞു വന്ന എന്നെക്കാത്ത് വീട്ടിലൊരാള്‍ ഇരിപ്പുണ്ടായിരുന്നു. പടിഞ്ഞാറേ വീട്ടിലെ അമീറുമോന്റെ ഉമ്മ. അമീറുമോന്‍ എന്റെ സുഹൃത്താണ്. തൊഴിലില്ല്ലാക്കമ്പനിയുടെ നെടുനായകനാണ്. ബഹറൈനില്‍ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സു വില്‍ക്കുന്ന കടയിലായിരുന്നു. അരിയെത്രാന്നു ചോദിച്ചാ‍ല്‍ പയറഞ്ഞാഴി. എന്തെങ്കിലുമെടുക്കാന്‍ പറഞ്ഞാല്‍ ഒന്നൊന്നൊര മണിക്കൂര്‍ എല്ലായിടവും തപ്പിയിട്ട് അറബീടെ മുന്നില്‍ വന്ന് വെളുക്കെ ചിരിക്കും. പെട്രോള്‍ പമ്പിലേക്കു മാറ്റി. പെട്രോളു വണ്ടിക്കു ഡീസലടിച്ചു കൊടുത്തതിന്റെ പിറ്റെന്നാള്‍ നാട്ടില്‍ തിരിച്ചിറങ്ങി; അറബീടെ ചെലവില്‍ത്തന്നെ.

അമീറുമോന്റെ ഉമ്മ ശുപര്‍ശയുമായി വന്നതാണ്. “മോന്റെ കമ്പിനീ അവനേങ്കുടെ ജോലിക്കെടുക്കണം. പേറിഷ്യേ പോയട്ടും ഗതിപിടിച്ചില്ല. വേലേംകൂലീമില്ലാതെ എത്ര നാളായിങ്ങനെ…മോന്‍ വിയാരിച്ചാ നടക്കും. ”
ഞാന്‍ ചിരിച്ചു പോയി. ഞാന്‍ വിയാരിച്ചില്ലേലും അമീറുമോന്‍ നടക്കും. പകലന്തിയോളം, തെക്കുവടക്ക് തേരാപ്പാരാ. അവന്റെ അഡ്രസ്സെങ്ങാനും ‘കമ്പിനീല്‍’ കിട്ടിയാല്‍ മതി. കോഴിക്കുഞ്ഞിനെ റാഞ്ചുന്നതു പോലെ കൊത്തിയെടുത്തോണ്ടു പോകും കമ്പനിപ്രാപ്പിടിയന്‍. ഞനാന്നേ ഒറ്റയ്‌ക്ക്. അമീറുമോന്‍ ബെസ്റ്റ് കമ്പനി. ഞാന്‍ സമ്മതം മൂളി.

അമീറുമോനു രണ്ടാഴ്ച ട്രെയ്‌നിംഗ് കൊടുക്കാന്‍ ഞാന്‍ തന്നങ്ങു നിശ്ചയിച്ചു. കൂടെ നടക്കാനൊരാളായല്ലോ. അങ്ങനെ നടന്നു കൊണ്ടിരിക്കുന്ന ഒരുനാളില്‍ ഒരുവീട്ടുമുറ്റത്ത് ഒരു യുവതിയും ഒരു റ്റീനേജ് പെണ്‍കുട്ടിയും വര്‍ത്തമാനം പറഞ്ഞു തലയറഞ്ഞു ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. വേറെ വല്ലോം ആലോചിക്കാനുണ്ടോ, നേരേ അങ്ങോട്ടു കയറിച്ചെന്നു. പാവാടയും ബ്ലൌസുമാണ് പെണ്‍കുട്ടിയുടെ വേഷം. ഒരു സുന്ദരിക്കുട്ടി. പ്രായം പതിനെട്ടിനടുത്തുണ്ടാവും. ആ ചേച്ചീടെ വേഷം എന്തരോ, ഓര്‍ക്കുന്നില്ല. വര്‍ത്തമാനത്തില്‍ നിന്നും പെണ്‍കൊടി അയലത്തേതാണെന്നു ബോധ്യപ്പെട്ടു. ഞാന്‍ പെട്ടെന്ന് നാടോടിക്കാറ്റിലെ മോഹന്‍ലാലായി, അമീറുമോനെ ശ്രീനിവാസനാക്കി. ‘എന്നെ ഇവിടെ സാറേന്നു വിളിക്കണം…ഇന്നത്തെക്കച്ചോടം മുഴുവന്‍ നിനക്കു തരാം‘ ഞാന്‍ അവന്റെ കാതില്‍ കിടിലന്‍ ഓഫറിട്ടു, കാലില്‍ച്ചവിട്ടി. പതിവിലും ഉഷാറായി, ആംഗലേയം കൂടുതല്‍ ചേര്‍ത്ത് ഞാന്‍ ‘പിച്ചിംഗ്‘ തുടങ്ങി.പുട്ടിനു പീര പോലെ വാക്കുകള്‍ക്കിടയില്‍ ‘മാഡം വിളി’ ധാരാളം തിരുകി. മഹിളാമണികള്‍ ആശ്ചര്യ പരതന്ത്രരാ‍യി ഞങ്ങളെ മിഴിച്ചു നോക്കി നില്‍ക്കുകയാണ്.
‘അമീര്‍’ ഞാന്‍ വിളിച്ചു.
‘സര്‍’. ‍
‘പ്രോഡക്റ്റ് ഓരോന്നായി ഇവരെ കാണിച്ചുകൊടുക്കൂ…‘

അമീറുമോന്‍ ബാഗില്‍ നിന്നും ഓരോന്നുമെടുത്ത് തരുണീമണികളുടെ കയ്യിലേക്കു കൊടുത്തു. അവര്‍ തിരിച്ചും മറിച്ചും നോക്കി. ഗുണഗണങ്ങളെക്കുറിച്ച് വാഗ്വാദങ്ങളിലേര്‍പ്പെട്ടു.
അവസാനം ചേച്ചീടെ വാക്കുകള്‍: “ഇയ്യോടീ വിദ്യേ, സാധനമെല്ലാം കൊള്ളാം. പക്ഷേ…വിഷ്‌ണൂന്റച്ചന്റെ കാശ് വരാതെങ്ങനാ…”
ഒരുനിമിഷം. വിദ്യയുടേയും എന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞോന്നൊരു സംശയം.
വിദ്യ എന്നോടൊരു ചോദ്യം. “അപ്പഴേ നിങ്ങളിത് ഇന്‍സ്റ്റാള്‍മെന്റില്‍ കൊടുക്കുമോ?”
“നോ മാഡം…ഇന്‍സ്റ്റാള്‍‍മെന്റ് സ്കീം ഇപ്പോള്‍ ഞങ്ങളുടെ കമ്പനിക്കില്ല…“
“ഇയ്യോ എന്നെ മാഡമെന്നൊന്നും വിളിക്കണ്ട…” അവള്‍ നാണത്തോടെ പറഞ്ഞു.
പെട്ടെന്നൊരുപായം. ഒരു ചൂണ്ട ഇട്ടു നോക്കാം. കൊത്തിയാല്‍ ഊട്ടി…ഇല്ലേ ചട്ടി ഞങ്ങടെ കയ്യില്‍ത്തന്നെ…
“ഒരു കാര്യം ചെയ്യാം. ഞാനെന്റെ ഫോണ്‍ നമ്പര്‍ തരാം. കാശുള്ളപ്പോള്‍ എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിദ്യേടെ നമ്പര്‍ തരൂ, ഞാന്‍ വിളിച്ചന്വേഷിക്കാം…”
ചേച്ചി ഇടപെട്ടു. “നിങ്ങടെ നമ്പര് തന്നാ മതി. വേണവെങ്കി വിളിച്ചു പറയാം”
“ശരി മാഡം.” ഞാന്‍ ഒരു തുണ്ടുകടലാസ്സില്‍ എന്റെ നമ്പരെഴുതി ഒന്നു ചേച്ചിക്കും ഒന്നു വിദ്യക്കും കൊടുത്തു.
“അപ്പോള്‍ ശരി, ഞങ്ങളിറങ്ങട്ടെ…വിളിക്കണം കേട്ടോ” വിദ്യയുടെ മുഖത്തു നോക്കി മനോഹരമായിട്ടൊന്നു പുഞ്ചിരിച്ചിട്ടാണ് ഞാനത് പറഞ്ഞത്. പോകും വഴി ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ദാ വിദ്യ എന്നെത്തന്നെ നോക്കിനില്‍ക്കുന്നു…

ഉച്ച കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു കസ്റ്റമറുടെ അടുത്താണ്. അത്യാവശ്യം കൊമ്പന്‍ മീശയൊക്കെയുള്ള ഒരു ചേട്ടനും ഭാര്യയും രണ്ടു മക്കളും. അവര്‍ ഒരു ടോര്‍ച്ചു വാങ്ങിയിരിക്കുന്നു. പൈസായും വാങ്ങി തിരിയവേ ചേട്ടന്റെ ചോദ്യം.” അപ്പഴേ, പത്തുകൊല്ലത്തെ ഗ്യാരണ്ടിയൊക്കെ ശരി. ഇതിനു വല്ല കേടും പറ്റിയാല്‍ നിങ്ങളെ എവിടെച്ചെന്നു തപ്പും?”
ഞാന്‍ ബില്ലില്‍ അഡ്രസ്സുണ്ടെന്ന പതിവു പല്ലവി ആവര്‍ത്തിച്ചു. ”ങാ, പിന്നേ ചെങ്ങന്നൂരു വരെ വരാ‍ന്‍ ആര്‍ക്കാ നേരം…”
അമീറുമോന്‍ ഇടപെട്ടു. “ഒരു കുഴപ്പോം വരില്ല ചേട്ടാ, അഥവാ വന്നാത്തന്നെ എന്റെ ഫോണ്‍ നമ്പര്‍ തരാം. വിളിച്ചു പറഞ്ഞാല്‍ മതി.” എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അമീറുമോന്‍ അവന്റെ വീട്ടിലെ നമ്പര്‍ അയാള്‍ക്കു കൊടുത്തു കഴിഞ്ഞു. ഞാന്‍ സഹതാപത്തോടെ അമീറുമോനെ നോക്കി. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ചൊദിച്ചു.’നീയെന്തിനാടാ നമ്പര്‍ കൊടുത്തത്?”
“ങേ, നീയാ പെണ്ണുങ്ങക്ക് നമ്പര് കൊടുത്തില്ലിയോ…”
“ഡാ, അത് സാധനം വാങ്ങാത്തോര്‍ക്കല്ലിയോ ഞാന്‍ നമ്പര്‍ കൊടുത്തത്…ആ, ഇനി വരുന്നെടത്ത് വെച്ചു കാണാം. ഈശ്വരോ രക്ഷതു…” ഞങ്ങള്‍ നടന്നു.

കുറെ ദിവസം കഴിഞ്ഞു വൈകിട്ടു വീട്ടിലെത്തിയ ഞാന്‍ കുളിക്കുന്നതിനായി കിണറ്റില്‍ നിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ പടിഞ്ഞാറേ വീട്ടില്‍ നിന്നൊരു അലര്‍ച്ച കേട്ടു.

“എറങ്ങെടാ വെളീല്…. ഈ മുറ്റത്തു കാല്‍ ചവിട്ടരുത്…” അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ അമീറു മോന്റെ ബാപ്പ ഗര്‍ജ്ജിക്കുകയാണ്.
“ഇത്രേം നാള് വീട്ടിനാത്തു സഹിച്ചാ മതിയാരുന്നു. ഇപ്പം നാട്ടുകാരേം പറ്റിക്കാനെറങ്ങിയേക്കുന്നോ…ങാ ഹാ…” അങ്ങേരു ജ്വലിക്കുകയാണ്. അമീറുമോന്‍ തലകുമ്പിട്ടു നില്‍ക്കുന്നത് കണ്ട എനിക്കു ചിരി പൊട്ടി.
“എടാ പട്ടീ, എന്തെല്ലാം പങ്കപ്പാട് പെടേണ്ടി വന്നിട്ടെങ്കിലും നാട്ടുകാരെ പറ്റിച്ച് ജീവിക്കണ്ട ഗതികേട് ഈ കുഡുമ്മത്തിനൊണ്ടായിട്ടില്ലെടാ..എറങ്ങിപ്പോഡാ..ഈ വീട്ടിനാത്തു കേറിപ്പോകല്ല്…” വീടിന്റെ വാതില്‍ അമീറുമോന്റെ മുമ്പില്‍ താത്കാലികമായി കൊട്ടിയടക്കപ്പെട്ടു.

സംഗതി പിന്നീടറിഞ്ഞു. പത്തു കൊല്ലം ഗ്യാരന്റിയുള്ള ടോര്‍ച്ച് പത്താം നാള്‍ ചരമമടഞ്ഞതിന്റെ അനുശോചനമറിയിക്കാന്‍ മീശക്കാരന്‍ കസ്റ്റമര്‍ വിളിച്ചപ്പോള്‍ അമീറുമോന്റെ കഷ്‌ടകാലത്തിനു ഫൊണെടുത്തത് അവന്റെ ബാപ്പയായിരുന്നു. അപ്പന്‍, അമ്മ, അപ്പൂപ്പന്‍, വല്യപ്പൂപ്പന്‍, വല്യമ്മൂമ്മ എന്നിങ്ങനെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മുഴുവന്‍ ആത്മാക്കള്‍ക്കും മീശക്കാരന്‍ നിത്യശാന്തി നേര്‍ന്നത് ഫോണില്‍ക്കേട്ട് ആഹ്ലാദം പൂണ്ട ബാപ്പ അമീറുമോനു സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുന്ന തത്സമയ ദൃശ്യങ്ങളായിരുന്നു ഞാന്‍ കണ്ടത്.

പിന്നെ നടപ്പ് വീണ്ടും ഒറ്റക്ക്. തിരുവല്ല ടൌണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്ന പ്രഭാതനേരം. ഞാനൊരു മണിമാളികയുടെ കോളിങ്ബെല്‍ അമര്‍ത്തി കാത്തുനില്‍ക്കുകയാണ്.
കുറെനേരം കഴിഞ്ഞു ഒര‍മ്മാമ ഇറങ്ങിവന്നു. ഗുരുവായൂര്‍ കേശവന്റെ ഭാര്യേടെ അനിയെത്തിയെന്നു തോന്നും ആകാരം കണ്ടാല്‍. ശില്പാഷെട്ടിയുടെ ശരീരവടിവുള്ള ഒരു ചോക്ലേറ്റ് സുന്ദരി കയ്യിലൊരു ഫെമിനയുമായി പിന്നാലെ. അമ്മാമ പോട്ടെ, ചോക്ലേറ്റിനെ കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. അമേരിക്കയിലെങ്ങാനും പഠിക്കുന്നതായിരിക്കണം. ആ ഭാഗത്തെ മിക്കവരും സ്റ്റേറ്റ്സിലാണ്.
“ങാ, എന്തുവേണം…” അമ്മാമ.
പതിവു പിച്ചിംഗിനു മുതിരാതെ ഞാന്‍ പതര്‍ച്ചയോടെ കാര്യം പറഞ്ഞു.
“ഇവിടെയൊന്നും വേണ്ട…”
പെട്ടെന്ന് ചോക്ലേറ്റ് ഇടപെട്ടു. “ങാ, നില്‍ക്ക് മമ്മാ, അയാള്‍ടെ കയ്യില്‍ എന്തെല്ലാമുണ്ടെന്ന് ഒന്നു കാണാല്ലോ…എന്തൊക്കെയാടോ പ്രോഡക്റ്റ്സ്?”
മനോഹരമായ ചിത്രപ്പണികളുള്ള ഒരു ബൌള്‍ സെറ്റുണ്ട് ബാഗില്‍. ‘അണ്‍ബ്രേക്കബിള്‍’ ആണു സാധനമെന്നാ പറയുന്നത്. മനേജര്‍ സാര്‍ കാര്‍പെറ്റു നിലത്തു ഒത്തിരി തവണ ഇട്ടിരുന്നു. പൂഴിമണ്ണില്‍ പാത്രമെറിഞ്ഞു നിരവധി വീട്ടമ്മമാരെ ഇതിനകം ഞാനും പറ്റിച്ചിട്ടുണ്ട്.
“മാഡം, ഇതു അഞ്ചു ബ്യൂട്ടിഫുള്‍ ബൌളുകളുടെ ഒരു സെറ്റാണ്. ഇതില്‍ സെര്‍വ്വ് ചെയ്ത് ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാം. ബിസൈഡ്‌സ്, ഇതു ‘അണ്‍ബ്രേക്കബിള്‍’ ആണ് മാഡം…“
“ഓഹോ, അപ്പം ഇതൊന്നു പൊട്ടിക്കണമെന്നു വെച്ചാല്‍ എന്നാ ചെയ്യും. ബുള്‍ഡോസര്‍ വിളിക്കണമല്ലേ?” അവള്‍ക്കു തമാശ.
“സീ മാഡം, ഇതു ഒരിക്കലും പൊട്ടില്ല, ഐ വില്‍ ഷോ യു…”
എനിക്കു പറ്റിയ ഭീമാബദ്ധം. പോര്‍ച്ചിന്റെ തറ ഗ്രാനൈറ്റ് പാകിയതാ‍ണെന്ന് ശ്രദ്ധിക്കാതെ ഞാനൊരു ബൌളെടുത്ത് നിലത്തിട്ടു.

പൊട്ടിത്തകര്‍ന്നത് ബൌളായിരുന്നില്ല; എന്റെ ഹൃദയമായിരുന്നു. ആള്‍മദ്ധ്യത്തില്‍ ഉടുതുണിഞ്ഞയഴിഞ്ഞവനെപ്പോലെ ഞാന്‍ അടിവയറും പൊത്തി നിലത്തേക്കു കുനിഞ്ഞിരുന്നു. അവളുടെ പൊട്ടിച്ചിരിയും കളിയാക്കലും പ്രതീക്ഷിച്ചു മുഖമുയര്‍ത്താതിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട്, എന്നെ രക്ഷപ്പെടുത്താനെന്ന വണ്ണം ഒരക്ഷരം മിണ്ടാതെ അവള്‍ പെട്ടെന്നകകത്തു കയറി കതകടച്ചു. തലയുയര്‍ത്താന്‍ കഴിയാതെ ഞാന്‍ പാടുപെടവേ വീണ്ടും വാ‍തില്‍ തുറക്കപ്പെട്ടു. അമ്മമയാണ്. “പോര്‍ച്ചില്‍ കുപ്പിച്ചില്ലൊന്നും കാണരുത്. മുഴുവന്‍ പെറുക്കിയെടുത്ത് വൃത്തിയാക്കിക്കോണം.“ കുനിഞ്ഞിരുന്നു നിലം തുടച്ചു ബാഗും തൂക്കി ഞാന്‍ നേരേ ഓഫീസിലെത്തി. ബാഗ് മാനേജരുടെ നേര്ക്ക് വലിച്ചെറിഞ്ഞു. മൂടും തട്ടി കായംകുളത്തേക്ക്.

പിറ്റേ ദിവസം ‘അക്ഷരാ കോളജി‘ലെത്തിയ എന്നെക്കാത്ത് ഗോഡ്‌ഫാദര്‍ സിനിമയില്‍ കല്യാണം മുടങ്ങിയ മന്ത്രിക്കൊച്ചമ്മക്ക് മുകേഷും ജഗദീഷുമൊരുക്കിയതിനേക്കാള്‍ ഗംഭീരമായൊരു സ്വീകരണവുമായി സഹ ‘അധ്യാപഹയര്‍‘ നില്‍ക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 6, 2007

ഡ.മാ. മൂന്നാം ഭാഗം

Filed under: Blogroll — ::സിയ↔Ziya @ 5:26 am

മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്‍ത്തൊരിടത്തായിരുന്നു ഞാന്‍ ബസ്സിറങ്ങിയത്. പമ്പാനദിക്കരയിലൂടെ ഞാന്‍ കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയുള്ള
നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്‍മ്മകളില്‍ കിനിയുന്നു.
എന്തെല്ലം അനുഭവങ്ങള്‍…പുതു പുതു കാഴ്ച്ചകള്‍…

പാണ്ടി എന്നൊരു സ്ഥലമുണ്ട്, ആയാപറമ്പിനടുത്ത്. അവിടെ നദി കടക്കുന്നത് ബഹുരസമാണ്.
നദിയില്‍ നാട്ടിയ മുളന്തൂണുകളിലായി നദിക്കു കുറുകേ കയര്‍ കെട്ടിയിരിക്കുന്നു. നമ്മള്‍ വഞ്ചിയില്‍ കയറി
നിന്ന് കയര്‍ പിടിച്ചു വലിച്ചു വലിച്ചു അക്കരെക്കു പോകും…തുഴയുമില്ല, തുഴച്ചില്‍ക്കാരനുമില്ല.
കല്ലൂപ്പാറക്ക് പോകും വഴി പമ്പയുടെ ഒരു പോഷകനദിക്കരയില്‍ “ആരെങ്കിലും വന്ന്
എന്നെയൊന്നക്കരക്ക് കൊണ്ടുപോണേ”എന്ന അഭ്യര്‍ത്ഥനയുമായി ഒരു തോണി
അനാഥമായിക്കിടക്കുന്നു. തുഴയും അതില്‍ത്തന്നെയുണ്ട്. നമ്മള്‍ കയറിയിരുന്ന് സ്വയം തുഴഞ്ഞ്
അക്കരെക്ക്. നാം പുറപ്പെട്ടു കഴിഞ്ഞാണ് എവനെങ്കിലും വരുന്നതെങ്കില്‍ തെണ്ടിയതു തന്നെ.
ഏതെങ്കിലുമൊരു കാലത്ത് അക്കരെയൊരു വിദ്വാന്‍ വന്ന് ഇക്കരെക്ക് തുഴഞ്ഞു വരണം. അല്ലാതെ
അക്കരയിക്കരെ നിന്നാലൊന്നും ആശ തീരില്ല.

തിരുവല്ലക്ക് കിഴക്ക് കരിമ്പിന്‍ പാടങ്ങളിലൂടെയുള്ള സഞ്ചാരം. ഒരു ശര്‍ക്കര‍ക്കളത്തില്‍ ഉണ്ടശ്ശര്‍ക്കരയുടെ പ്രോസസിംഗ് കൌതുകത്തോടെ, അതിലേറെ കൊതിയോടെ കണ്ടുനിന്ന എനിക്ക് നല്ലവളായ ഒരമ്മ ശര്‍ക്കര‍ത്തോണിയില്‍ നിന്നും ചൂടോടെ കുറച്ച് ഉരുകിയ ശര്‍ക്കര ഒരു പ്ലാവിലയില്‍ കോരിയെടുത്ത് തന്നു.
“കഴിച്ചോ മോനേ…”

കൊയ്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞു ‘സച്ചിന്‍’മാരെക്കണ്ട് തോളിലെ മാറാപ്പ് ദൂരെയെറിഞ്ഞ് കളത്തില്‍ച്ചാടിയിറങ്ങി രണ്ടോവര്‍ പന്തെറിഞ്ഞതും കളികഴിഞ്ഞ് ചുറ്റുംകൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഈ ‘വലിയ ചേട്ടന്‍’ ഒരു ഫ്ലവര്‍വേസ് സമ്മാനിച്ചതും ഞാന്‍ മറക്കാന്‍ പാടുണ്ടോ?

മനുഷ്യരുടെ നന്മയും സ്നേഹവും-മനുഷ്യരുടെ വിദ്വേഷവും വെറുപ്പും, മനുഷ്യരുടെ അലിവും കാരുണ്യവും- മനുഷ്യരുടെ ക്രൂരതയും സ്വാര്‍ത്ഥതയും, മനുഷ്യരുടെ കഷ്‌ടപ്പാടും പ്രയാസങ്ങളും-മനുഷ്യരുടെ ആര്‍ഭാടവും ആഢംബരങ്ങളും…
കുറഞ്ഞ നാള്‍ കൊണ്ട് മാനുഷ്യകത്തിന്റെ കേവലമായ ഒരു പരിഛേദം തന്നെ കണ്ടു ഞാന്‍.

വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിനു വയറുനിറയെ ചീത്തവിളി സമ്മാനിച്ച വല്യവീട്ടിലെ കൊച്ചമ്മ.
ഊണുസമയത്ത് മനയില്‍ വിളിച്ചു കയറ്റി സ്നേഹത്തോടെ ചോറുവിളമ്പിത്തന്ന രണ്ട് അന്തര്‍ജ്ജനങ്ങള്‍.
വീട്ടുവളപ്പില്‍ കയറിയതിനു പട്ടിയെ അഴിച്ചുവിട്ട കുടവയറനായ ഉണ്ടക്കണ്ണന്‍.
രാത്രി വഴിതെറ്റിയലഞ്ഞ എന്നെ ഇരുട്ടത്ത് ടോര്‍ച്ചുമായി രണ്ടുകിലോമീറ്റര്‍ കൂടെ നടന്ന് മെയിന്‍‌റോഡിലെത്തിച്ച ആ മധ്യവയസ്‌കന്‍.
‘മുഹമ്മദനാ’ണെന്ന് വൈകിയറിഞ്ഞപ്പോള്‍ വാങ്ങിയ സാധനം തിരികെത്തന്ന സുവിശേഷപ്രവര്‍ത്തകന്‍.
പള്ളിമേടയിലെ മുറിയില്‍ കയറ്റിയിരുത്തി ചായ തന്നിട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ, ഒത്തിരി തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച നല്ലവനായ വികാരിയച്ചന്‍.
ദൈവമേ, മാനേജര്‍ സാര്‍ പറഞ്ഞതുപോലെ എന്തോരം പേഴ്സണാലിറ്റികള്‍!
ക്ഷമിക്കണം ഇതെല്ലാം പറഞ്ഞില്ലെങ്കില്‍ ഈ അനുഭവങ്ങള്‍ക്ക് ആത്മാവില്ല.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് മാര്‍ക്കറ്റിംഗ് ചരിതം മൂന്നാം ദിവസം.
കാലത്ത് അഞ്ചു മണിക്ക് ഒരു കട്ടന്‍ ചായ കഴിച്ചു പുറപ്പെട്ടതാണു ഞാന്‍. കാ‍യംകുളത്തു നിന്നും ചെങ്ങന്നൂര്‍. അവിടെ നിന്നും സാധനങ്ങളുമായി തിരുവല്ലയ്ക്ക്. വണ്ടിക്കൂലി കഴിച്ചപ്പോള്‍ കീശ കാലി. അമ്പതിന്റെ ഒരൊറ്റനാണയം മാത്രം. സാരമില്ല, രാവിലെ രണ്ടു പ്രോഡക്റ്റ് വിറ്റാല്‍ രൂപാ മുപ്പത് കിട്ടും.വയറു നിറയെ കാപ്പിയൊക്കെ കുടിച്ച് ഉഷാറായി നടക്കാം. മനസ്സിലുറപ്പിച്ചു ഞാന്‍ നടന്നു. പത്തുപതിനൊന്നു മണിയായിട്ടും ഒന്നുപോലും വിറ്റുപോകുന്നില്ല. വീടുവീടാന്തരം പ്രസംഗിച്ചു പ്രസംഗിച്ചു എന്റെ തൊള്ളേലെ വെള്ളം വറ്റി. പഞ്ചായത്തു പൈപ്പില്‍ നിന്ന് തല്‍ക്കാലം ദാഹം ശമിപ്പിച്ചു. മീനമാസത്തിലെ സൂര്യന്‍ തലക്കു മുകളില്‍. ഇരുപത്തഞ്ചു കിലോ സാധനം തോളിന്മേലും. വിയര്‍ത്തൊലിച്ച് ഞാന്‍ വീണ്ടും നടന്നു. മണി രണ്ട്…മൂന്ന്… ആര്‍ക്കും സാധനം വേണ്ട. വിശന്നു
പൊറുതി മുട്ടി. ഐഡിയ! കയ്യിലിരുന്ന അമ്പതു പൈസക്ക് അടുത്തുകണ്ട മാടക്കടയില്‍ നിന്ന് രണ്ടു ഗ്യാസുമുട്ടായി വാങ്ങി. ഒരു ഗ്ലാസ്സ് പച്ചവെള്ളം ബില്‍കുല്‍ ഫ്രീ… നടപ്പ്. മണി നാലു കഴിഞ്ഞു. എന്റെ കണ്ണില്‍ ഇരുട്ടു കയറി. തളര്‍ന്നു വലഞ്ഞ ഞാന്‍ വഴിയരികിലെ ഒരു കല്ലിലേക്ക് ഇരുന്നു പോയി. മനമുരുകി പ്രാര്‍ത്ഥിച്ചു: ഒരു പീസ്…ഒരൊറ്റ പീസ് ആരെങ്കിലും വാങ്ങണേ… പരിചയമുള്ള ഒരു മുഖവുമില്ലാത്ത നാട്. ആരോടെങ്കിലും ഭക്ഷണം യാചിക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല. പിന്നെയും നടന്നു. അഞ്ചു മണിയാ‍കുന്നു. മുന്നില്‍ക്കണ്ട വീട്ടിലേക്ക്
കയറി ബെല്ലടിച്ചു. ഒരു സ്ത്രീ ഇറങ്ങി വന്നു, കൂടെ പത്തുപതിനൊന്നു വയസ്സു പ്രായമുള്ള ഒരു ബാലനും.

സാധാരണപോലെ ഞാന്‍ പ്രോഡക്റ്റെല്ലാം പ്രദര്‍ശിപ്പിച്ച് ക്ഷീണിച്ച സ്വരത്തില്‍ വാചകമടിച്ചു. നിസ്സംഗതയൊടെ കേട്ടുനിന്ന സ്ത്രീ അവസാനം ഒറ്റപ്പറച്ചില്‍ “ഒന്നും വേണ്ട, ഒന്നുമിവിടെ ആവശ്യമില്ല”. എന്റെ ആശ കെട്ടു. ദയനീയമായി അവരെയൊന്നു നോക്കി. ആ ബാലന്‍ എന്നെ സാകൂതം വീക്ഷിച്ചുകൊണ്ടു നില്‍ക്കുകയാണ്.

പതിനെട്ടടവും പരാജയപ്പെട്ടു. എന്റെ കണ്‍‌ട്രോള്‍ വിട്ടുപോയി. ഞാന്‍ ഒറ്റക്കരച്ചില്‍. ആ സ്ത്രീ അന്ധാളിച്ചു.
“ചേച്ചീ, നേരം വെളുത്തിട്ടിതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരൊറ്റപ്പീസും വിറ്റിട്ടില്ല ചേച്ചീ…കയ്യിലഞ്ചു പൈസയില്ല. വിശന്നിട്ടെന്റെ തലകറങ്ങുന്നു. എനിക്കെന്തെങ്കിലുമൊന്നു തിന്നാന്‍ വേണ്ടിയെങ്കിലും ഒരു സാ‍ധനം ചേച്ചി വാങ്ങിക്കണം. പ്ലീസ്…” ഞാന്‍ മൂക്കു പിഴിഞ്ഞു.
അവര്‍ ചിന്താക്കുഴപ്പത്തിലായതു പോലെ തോന്നി. എനിക്കു പ്രതീക്ഷയേറി.
‘അമ്മേ, പാവം ചേട്ടന്‍. മേടീരമ്മേ, സാധനം മേടീരമ്മേ. ആ ചേട്ടന്‍ പാവമല്ലേ മേടീര്…”
ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റായി ആ ബാലന്റെ സഹതാപ വാക്കുകള്‍. ഞാന്‍ കൃതജ്ഞതയോടെ അവനെ നോക്കി. ധര്‍മ്മസങ്കടത്തിലായ ചേച്ചി ഒരു ഡിഷ്‌സെറ്റ് എടുത്ത് വില ചോദിച്ചു. “എന്തവാ ലാസ്റ്റ് വെല?”
എനിക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
“ചേച്ചീ നൂറ്റമ്പതു രൂപക്ക് വിറ്റാല്‍ എനിക്കു പതിനഞ്ചു രൂപ കിട്ടും.ചേച്ചിയൊരു കാര്യം ചെയ്യ്. പത്തു രൂപ കുറച്ചു തന്നാല്‍ മതി. നൂറ്റി നാല്‍പ്പത്”
അവര്‍ മനസ്സില്ലാ മനസ്സോടെ സാധനവുമായി അകത്തേക്കു പൊയി. ബാലന്‍ എന്റെയടുത്തേക്ക് വന്നു.
“കണ്ടോ, ഞാന്‍ പറഞ്ഞാല്‍ അമ്മ മേടിക്കും. ചേട്ടനു ചോറു വേണോ?”
ദൈവമേ, എന്റെ ഉള്ളു കരഞ്ഞു. മിഴികള്‍ നിറഞ്ഞു.
“മോനേ..” ഒരു ഗദ്‌ഗദം പുറത്തു വന്നു. ഞാനാ കുട്ടിയുടെ തലയില്‍ തലോടി. അവന്‍ സ്നേഹത്തോടെ
എന്നോടു ചേര്‍ന്നു നിന്നു. ഞാന്‍ കണ്ണു തുടച്ചു.
കാശുമായി അവന്റെ അമ്മ വന്നു. “ഇന്നാ, നൂറ്റമ്പതുമുണ്ട്”
“വേണ്ടി ചേച്ചീ, നൂറ്റി നാല്‍പ്പത്. പത്തുരൂപാ നഷ്‌ടം ഞാന്‍ സഹിച്ചു. ചേച്ചീടെ ഈ സഹായം ഞാന്‍ ഒരിക്കലും മറക്കത്തില്ല. ഞാന്‍ പൊയ്ക്കോട്ടേ….”
“നില്‍ക്ക്, ചോറു കഴിച്ചിട്ടു പോകാം”
“വേണ്ട ചേച്ചീ, ഇരുട്ടുന്നേനു മുമ്പേ പോണം. ഞാന്‍ പുറത്തൂന്ന് കഴിച്ചോളാം”
നിഷ്‌കളങ്കനാ‍യ ആ പൈതലിന്റെ മൂര്‍ദ്ധാവില്‍ ഒരുമ്മ വെച്ചിട്ട് ഞാന്‍ പുറത്തിറങ്ങി. എന്റെ വിശപ്പു
കെട്ടിരുന്നു. മുറുക്കാന്‍ കടയില്‍ നിന്നും ഒരു സോഡാ‍ സറുവത്ത്. അന്ന് രണ്ട് പീസു കൂടി വിറ്റുപോയി.

ആ രാത്രി അവാച്യമായ ഒരു നിര്‍വൃതിയില്‍ ലയിച്ചുറങ്ങിയ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ സ്നേഹസമ്പന്നനായ ആ ബാലനായിരുന്നു. ഒപ്പം നന്മയുടെ കൈത്തിരികളായ ഒരുപാടു കുഞ്ഞുങ്ങളും..
(ഈ ലക്കത്തോടെ ഈ കുറിപ്പുകള്‍ അവസാനിപ്പിക്കണമെന്നു വിചാരിച്ചതായിരുന്നു. എഴുതാനുദ്ദേശിച്ചതല്ല കടലാസില്‍ തെളിഞ്ഞത്, ഒരല്‍പ്പം നീണ്ടുപോയി. രസകരമായ ഒന്നുരണ്ടു കാര്യങ്ങള്‍ പറയാനായി ഒരു ലക്കം കൂടി പ്രിയ വായനക്കാര്‍ അനുവദിക്കുമല്ലോ…)

Blog at WordPress.com.