അങ്ങനെ ഓരോന്ന്…

മേയ് 11, 2007

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍…ഭാഗം രണ്ട്

Filed under: Blogroll — ::സിയ↔Ziya @ 5:41 pm

ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.

മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്‍. ആകയാല്‍ അവനു
വേണ്ടത്ര വിശ്രമം നല്‍കുവാന്‍ ഞാന്‍ തീരുമനിച്ചു. ചില റിലാക്‍സേഷന്‍ ടെക്‍നിക്കുകള്‍ ഉപയോഗിച്ച് അവനെ ഞാന്‍ മെല്ലെ ഉറക്കി.

ഹിപ്‌നോസിസെന്നാല്‍ ഉറക്കമല്ലാതെ മറ്റൊന്നുമല്ല. യ്ഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിദ്രയും ഹിപ്‌നോട്ടിക് നിദ്രയും തമ്മില്‍ ഗാഢമായ
അന്തരമില്ല. സ്വാഭാവിക നിദ്രക്കു വേണ്ട ആന്തരികവും ബഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്‌ടിച്ചുകൊണ്ട് വ്യക്തിയെ
സ്വാഭാവിക നിദ്രയിലേക്ക് തന്നെ വീഴ്ത്തുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്.

ഹിപൊസിസിനെകുറിച്ച് പറയുമ്പോള്‍ സാധാരണ നിദ്രയെക്കുറിച്ച് പറയണമല്ലോ? എന്താണീ സ്വാഭാവിക നിദ്ര?

പ്രവര്‍ത്തന നിരതമായ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ക്ഷീണം തീര്‍ക്കുവനുള്ള വിശ്രമമല്ലാതെ മറ്റൊന്നുമല്ല നിദ്ര.
ഉണര്‍ന്നിരിക്കുമ്പോള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും അതിന്റെ ജോലി നിര്‍വ്വഹിക്കുകയും മസ്തിഷ്‌കത്തിലെ കേന്ദ്രനാഡീവ്യൂഹം അതിന്റെ
പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിദ്രാവസ്ഥ എന്നു പറയുന്നത് മസ്തിഷ്‌കത്തിന്റെ ഉന്നത നാഡീ വ്യൂഹം പ്രവര്‍ത്തന
രഹിതമാകുന്ന അവസ്ഥയെയാണ്. കേന്ദ്രനാഡീവ്യൂഹം പ്രവര്‍ത്തന രഹിതമാകുന്നത് മൂലം പഞ്ചേന്ദ്രിയപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തില്‍
പ്രതിഫലിക്കയില്ല.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രനാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലാണ്. അധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നതനാഡീകേന്ദ്രം പ്രവര്‍ത്തനനിരതമാണ്. ഏറെനേരത്തെ പ്രവര്‍ത്തന നിരത കൊണ്ട് ക്ഷീണിക്കുന്ന
നഡീകേന്ദ്രത്തിനു വിശമം ആവശ്യമായിത്തീരുന്നു.

താളലയത്തില്‍ പാട്ടുപാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുന്നത് മൂലം കുഞ്ഞിന്റെ
നാഡീവ്യൂഹകേന്ദ്രത്തിനു ക്ഷീണം സംഭവിക്കുകയും തന്മൂലം പ്രസ്തുത നാഡീവ്യൂഹകേന്ദ്രത്തില്‍ ഒരു തരം നിരോധനം വന്നു ഭവിക്കുകയും
ചെയ്യുന്നു. അതായത് ആഭാഗം പ്രവര്‍ത്തനരഹിതമായി അഥവാ ഉറങ്ങി എന്നര്‍ത്ഥം. ആ നിരോധനം ക്രമേണ മസ്തിഷ്‌കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. നമ്മള്‍ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്ര‍ദ്ധിച്ചിരുന്നാല്‍ ക്രമേണ ബോറഡിച്ച്
ഉറങ്ങുന്നതിനെപുറകിലുള്ള ശാസ്ത്രവും ഇതു തന്നെ.

ഉറക്കം, ഹിപ്‌നോട്ടിസം തുടങ്ങിയവയെ സംബന്ധിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
(ഹിപ്‌നോട്ടിസത്തെക്കുറിച്ചുള്ള പേടി ആദ്യപോസ്റ്റിന്റെ പല കമന്റുകളിലും പ്രകടമാണ്. :) ) ബോധമനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ് തുടങ്ങിയ ഫ്രോയിഡിയന്‍ അസംബന്ധങ്ങള്‍ ചില മനഃശാ‍സ്ത്രജ്ഞര്‍ പോലും ഇന്നും വിശ്വസിക്കുന്നു. അതേക്കുറിച്ച് നമുക്ക് മറ്റൊരിക്കല്‍ പറയാം.

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഉറക്കത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഗാഢനിദ്ര.
മസ്തിഷ്‌കം പൂര്‍ണ്ണമായും നിരോധിക്കപ്പെടുന്ന അവസ്ഥയെയാണ് ഗഢനിദ്ര എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ കുറേ ഭാഗങ്ങള്‍ ഉണര്‍ന്നിരിക്കുകയും മറ്റുചില ഭാഗങ്ങള്‍ നിരോധിതാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്.

ഇതു രണ്ടുമല്ലാത്ത മറ്റൊരവസ്ഥയാണ് ജാഗ്രതയുള്ള ഗാഢനിദ്ര. മസ്തിഷ്‌കത്തിലെ ഒരു ചെറിയ കേന്ദ്രം ഏതെങ്കിലും പ്രത്യേക
വസ്തുവിനോടോ പ്രതിഭാസത്തോടോ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയും ബാക്കി എല്ലാ ഭാഗവും നിരോധിക്കപ്പെടുകയും
ചെയ്യുന്ന അവസ്ഥയാണത്. മസ്തി‌കത്തിലെ ഉണര്‍ന്നിരിക്കുന്ന ആ ഭാഗത്തെ സെന്‍‌ട്രി പോസ്റ്റ് (Centry Post) എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുക.

ഒരുദാഹരണം പറയാം. ശിശുവിനോടൊത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ നിദ്ര ഈ മൂന്നത്തെ വിഭാഗത്തിലുള്ളതാണ്. കുഞ്ഞിന്റെ ചെറിയ
അനക്കങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും ഉണരുന്ന അമ്മ അതിലും വലിയ ശബ്ദം മറ്റൊരാളുണ്ടാക്കിയാലും അറിയണമെന്നില്ല.
ശിശുവിന്റെ ചലനത്തിനു പോലും അമ്മ ഉണരുന്നത് സെന്‍‌ട്രി പോസ്റ്റിന്റെ പ്രവത്തനം കൊണ്ടും തല്‍ഫലമായി കുഞ്ഞിനോട് ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുമാണ്. റപ്പോര്‍ (Rapport) എന്നാണ് ഈ ജാഗ്രതാവസ്ഥക്ക് പറയുന്ന പേര്.

അമ്മക്ക് ശിശുവിനോടുള്ള ജാഗ്രത -റപ്പോര്‍- ഹിപ്‌നോട്ടിക് നിദ്രാവസ്ഥയില്‍ നിദ്രാവിധേയന് ഹിപ്‌നോട്ടൈസറോടും ഉണ്ടാവും.
സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍. ഒരേ ശബ്‌ദം തന്നെ ആവര്‍ത്തിച്ചു
കേള്‍പ്പിക്കുന്നതിലൂടെയോ പ്രകാശമുള്ള ഒരു വസ്തുവില്‍ ദൃഷ്‌ടി കേന്ദ്രീകരിപ്പിക്കുന്നതിലൂടെയോ മസ്തിഷ്‌കത്തിന്റെ കേന്ദ്രനാഡീ വ്യൂഹത്തിന്റെ
ദൃശ്യ-ശ്രാവ്യ കോശങ്ങള്‍ക്ക് തളര്‍ച്ച ബാധിപ്പിക്കുന്നു. പ്രസ്തുത തളര്‍ച്ച കാരണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.
ആ നിരോധനം മസ്തിഷ്‌ക്കാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്നോട്ടൈസറുമായി റപ്പോര്‍ ബന്ധം സ്ഥപിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക മൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. ഈ സെന്‍‌ട്രിപോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് ഉറക്കത്തില്‍ ഹിപ്‌ട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി അശയവിനിമയം നടത്താന്‍ കഴിയുന്നത്.

നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയില്‍ ആ‍യിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു
ചെറുത്തുനില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന്
കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

(തുടരും)

മേയ് 8, 2007

ചില ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍…

Filed under: Blogroll — ::സിയ↔Ziya @ 1:59 pm

എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില്‍ ജോലിയുള്ള അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ മാത്രവും. വളര്‍ന്നു വരവേ മറ്റു ലേഖനങ്ങളും വായിക്കാന് ‍ തുടങ്ങി.

മനഃശാസ്ത്രത്തോട് ഒരു താല്‍പ്പര്യം തോന്നാന്‍ അടിസ്ഥാന കാരണം ഇതാണെന്ന് എനിക്കു തോന്നുന്നു. മലയാളമനോരമ ദിനപ്പത്രത്തിലെ മാന്ത്രികനായ മാന്‍ഡ്രേക്ക്, മനോരമ ആഴ്ചപ്പതിപ്പിലെ മനഃശാസ്ത്രഞ്ജനൊട് ചോദിക്കുക എന്ന ഡോ.പി.എം.മാത്യി വെല്ലൂരിന്റെ പംക്തി തുടങ്ങിയവയൊക്കെ കുട്ടിക്കാലത്ത് മുടങ്ങാതെ വാ‍യിച്ചിരുന്ന ശീലമാവണം പില്‍ക്കാലത്ത് കൂടുതല്‍ മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണയായത്.

ഹൈസ്കൂള്‍ കാലത്ത് ഡോ.ജോണ്‍സണ്‍ ഐരൂര്‍ എഴുതിയ ലേഖനപരമ്പരകളും പുസ്തകങ്ങളും വായിക്കാനിടയായത് ഹിപ്‌നോട്ടിസത്തില്‍ അതിയായ താത്പര്യം ജനിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് ഫ്രോയ്‌ഡിനെയും യുങ്ങിനേയും ഐ.പി.പാവ്‌ലോവിനെയുമൊക്കെ ഞാനറിയുന്നത്.

ആയിടക്ക്  മതപണ്ഡിതനായ എന്റെ പിതാവിന്‍ പാലക്കാട്ടു നിന്നും ഒരു കത്തു ലഭിച്ചു. ഹിപ്‌നോട്ടിസം മതപരമായി അനുവദനീയമായ കാര്യമാണോ എന്നാരാഞ്ഞു  കൊണ്ടായിരുന്നു ആ എഴുത്ത്. ഈ വക കാര്യങ്ങളില്‍ എന്റെ താല്പര്യം മനസ്സിലാക്കിയ പിതാവ് മറുപടി എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. ഒരല്പം ഗൌരവത്തോടെ പുസ്തകങ്ങള്‍  റെഫര്‍ ചെയ്യുവാന്‍ ഈ സംഭവം എന്നെ സഹായിച്ചു. ഹിപ്‌നോട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം അന്നു തുടങ്ങിയതാണ്.

പിന്നീടെ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മനഃശാസ്ത്രത്തിലും ഹിപ്‌നോട്ടിസത്തിലും  അതീവതത്പരനും  നിപുണനമായിരുന്ന ഇസ്മായില്‍ വഫ എന്ന എന്റെ അധ്യാപകനുമാനുമായുള്ള സഹവാസം  കുറേയേറെ കാര്യങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. കോഴിക്കോട്ടെ പ്രശസ്തമനഃശാസ്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഹസ്സന്‍, കായംകുളത്തെ മനോരോഗവിദ്ഗ്ധന്‍ ഡോ.രാമന്‍ തുടങ്ങിയവരെ സംശയനിവൃത്തിക്കായി ഞാന്‍ സമീപിക്കാറുണ്ടായിരുന്നു.

കേവലം കൌതുകവും താല്പര്യവും കൊണ്ടുമാത്രം അറിയാന്‍ ശ്രമിച്ച ഒരു മനഃശാസ്ത്രശാഖയായിരുന്നു ഹിപ്‌നോട്ടിസം എന്നാണു പറഞ്ഞുവന്നത്. പരിശീലനത്തിനു വേണ്ടി ആദ്യകാലത്ത് ചില അടുത്തസുഹൃത്തുക്കളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങള്‍ നിറഞ്ഞ ജീവിതപ്പാതയില്‍ മറ്റു പലതുമെന്ന പോലെ ഹിപ്‌നോട്ടിസവും ഞാന്‍ കൈവിട്ടു. എങ്കിലും പല ഘട്ടങ്ങളിലും സ്വയം പ്രത്യയനം (ഓട്ടോ സജഷന്‍) എന്ന രീതിയിലൂടെ സ്വയം ഹിപ്‌നോസിസിനു വിധേയനാകാറുണ്ടായിരുന്നു ഞാന്‍. ടെന്‍ഷന്‍ മറികടക്കുവാനും സമചിത്തതയോടെ തീരുമാനങ്ങളേടുക്കാനും പുകവലി ഉപേക്ഷിക്കുവാനും ഇതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.

മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഹിപ്‌‌നോട്ടൈസ് ചെയ്യണം എന്ന വാശിയൊന്നുമില്ലാതിരുന്നതിനാല്‍ ഹിപ്നോട്ടിസം എന്റെ മനസ്സില്‍ മാത്രമായി അവശേഷിച്ചു. തികച്ചും അവിചാരിതമായി രണ്ടു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യേണ്ടി വന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് ഹിപ്‌നോട്ടിക് പരീക്ഷണങ്ങളില്‍ സഹകരിക്കാറുണ്ടായിരുന്ന എന്റെയൊരു ആത്മസുഹൃത്ത് സഹായം തേടിയ കഥ ഓര്‍മ്മ വരുന്നു. അവന്‍ ഗള്‍ഫില്‍ പോകാനുള്ള എല്ലാ രേഖകളും ശരിയായി. എന്നാല്‍ ഗള്‍ഫ് ജോലി വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍. എന്നോടു പറഞ്ഞിതങ്ങനെ: “എനിക്ക് ഗള്‍ഫില്‍ പോകണമെന്നും നല്ലജോലി സമ്പാദിക്കണമെന്നുമൊക്കെയുണ്ട്. എന്നാല്‍ പോകാന്‍ എനിക്കു പേടിയാണ്.  നീയാ ഹിപ്‌നോട്ടിസം കൊണ്ടെങ്ങാനും എന്റെ പേടി മാറ്റിത്തരാമോ?”
ഞാന്‍ ചിരിച്ചു. പൂര്‍ണ്ണവിധേയത്വത്തോടെ തയ്യാറായി വന്നിരിക്കുന്ന അവനെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എന്തെങ്കിലും ഫലം കിട്ടുമെന്ന് എനിക്കു തോന്നി.
അവനെ ഹിപ്‌നോഅനലൈസിസിനു വിധേയനാക്കി. ഗള്‍ഫ് പേടിയുടെ കാരണം വ്യക്തമായി. വിമാനത്തില്‍ കയറാനുള്ള പേടിയായിരുന്നു വില്ലന്‍.
പേടിമറികടക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹിപ്നോട്ടിക് അവസ്ഥയില്‍ നല്‍കി. സ്വയം പ്രത്യയനത്തിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കകം സന്തോഷത്തോടെ അവന്‍ ഗള്‍ഫിലേക്ക് യാത്രയായി.

ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

1997 ല്‍ കുറച്ചു നാള്‍ ഒരു ബന്ധുവിനോടൊപ്പം ഞാന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ശിവാജി നഗറില്‍. അന്ന് അവിടുത്തെ ബ്രോഡ്‌വേ ജുമാ മസ്‌ദിലാണ് ഞാന്‍ നിസ്കരിക്കാന്‍ പോകാറുണ്ടായിരുന്നത്. അവിടെ വെച്ച് തൃശൂര്‍ക്കാരനായ ഒരു സൈനുവിനെ പരിചയപ്പെട്ടു. ഒരുനാള്‍ മഗ്‌രിബ് എന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് സൈനുവിനോടൊപ്പം വന്ന ഒരു കൌമാരക്കാരനെ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി.
മയക്കുമരുന്നു ഉപയോഗിക്കുന്നവന്റേതു പോലെയായിരുന്നു അവന്റെ ഭാവഹാവാദികള്‍. ഉറക്കം തൂങ്ങിയ കണ്ണുകള്‍, വീങ്ങിയ കണ്‍‌പോളകള്‍, ചീര്‍ത്ത് വിളറിയ മുഖം, ക്ഷീണിച്ച ശരീരം….
ഞാന്‍ സൈനുവിനോട് അന്വേഷിച്ചു, പയ്യനെന്തോ പ്രശ്നമുണ്ടോ?
അന്നു രാത്രി സൈനു എന്നോട് അവനെക്കുറിച്ചു പറഞ്ഞു. കാസര്‍കോഡ് സ്വദേശിയാണ്. ജ്യേഷ്‌ടന്മാര്‍ക്ക് ഇവിടെ പാല്‍ വിതരണമാണ് ജോലി. ഉമ്മ മരിച്ചു. നാട്ടില്‍ ഒറ്റക്കായ അനുജനെ അവര്‍ കൂടെകൊണ്ടുവന്നു നിര്‍ത്തിയിരിക്കുകയാണ്. അവന്‍ മാനസികമായി എന്തോ പ്രശ്‌നമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്‌നം. വല്ലപ്പോഴും ഉറങ്ങിയാല്‍ തന്നെ അലറിക്കൊണ്ട് ഞെട്ടിയുണരും. ശുചീകരണാവശ്യങ്ങള്‍ക്കു വേണ്ടി ജ്യേഷ്‌ടന്മാര്‍ സംഭരിച്ചുവെക്കുന്ന ബാരല്‍ കണക്കിനു വെള്ളം ഡിസംബറിലെ കൊടും തണുപ്പിലും അവന്‍ തലവഴിയേ ഒഴിക്കും…രാത്രി രണ്ടു മണി മൂന്നു മണി നേരത്ത്…

പൊറുതിമുട്ടിയ ജ്യേഷ്‌ടന്മാര്‍ അവനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. അവര്‍ സെഡേറ്റീവ് നല്‍കുമ്പോള്‍ മയങ്ങും. മരുന്നിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും പഴയ പടി….അവര്‍ എല്ലാവരും മാനസികമായി ആകെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്.

എല്ലാം കേട്ട് ഞാന്‍ കുറെനേരം ആലോചിച്ചു. ഇതാ ഒരു റിയല്‍ പേഷ്യന്റിനെ കയ്യില്‍ കിട്ടിയിരിക്കുന്നു. നമ്മടെ ഹിപ്‌നോട്ടിസം ഒന്നു പരീക്ഷിച്ചാലോ? പോയാല്‍ കുറേ വാക്കുകള്‍….കിട്ടിയാല്‍ ഒരുപാടുപേര്‍ക്കു സമാധാനം.
സൈനുവിനോടു വിവരം പറഞ്ഞു. ആദ്യം അയാള്‍ അമ്പരന്നു. ഞാന്‍ ആത്മവിശ്വാസത്തൊടെ ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പയ്യന്റെ ജ്യേഷ്‌ടന്മാരോട് വിവരം പറഞ്ഞു. അവര്‍ എന്നെ വന്നു കണ്ടു. ഒന്നു പരീക്ഷിക്കാമെന്ന എന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു.

അടുത്ത ദിവസം വൈകുന്നേരം പയ്യനുമായി അവര്‍ എന്റെ മുറിയില്‍ വന്നു.

(തുടരും)

Blog at WordPress.com.