അങ്ങനെ ഓരോന്ന്…

ഒക്ടോബര്‍ 1, 2007

ഹിപ്‌നോട്ടിക് അനുഭവങ്ങള്‍- ഭാഗം മൂന്ന്.

Filed under: Blogroll — ::സിയ↔Ziya @ 5:25 pm

ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തുവാന്‍ വൈമനസ്യം കാണിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. പല തരം അന്ധവിശ്വാസങ്ങളും അതിനു പുറകിലുണ്ട്. ഉറങ്ങുന്നവന്റെ ആത്മാവ് സഞ്ചാരത്തിനു പോയിരിക്കുകയാണെന്നും ആത്മാവ് തിരികെ വരുന്നതിനു മുമ്പെങ്ങാനും വിളിച്ചുണര്‍ത്തിയാല്‍ ഉണരുന്ന വ്യക്തിക്ക് ബോധം നഷ്‌ടപ്പെടുമെന്നോ ഭ്രാന്ത് വരെ ആകെമെന്നോ ഒക്കെ ഇന്ത്യയില്‍ പലരും ഇന്നും വിശ്വസിക്കുന്നു.

അതെന്തൊക്കെ ആയാലും അമ്മാതിരി ഭയമൊന്നുമായിരുന്നില്ല നമ്മുടെ പയ്യന്റെ കാര്യത്തില്‍ എനിക്കുണ്ടായിരുന്നത്. അവനെ നമുക്ക് ഹാരിസ് എന്നു വിളിക്കാം. നല്ല വെളിച്ചമുള്ള സമയത്ത് ഉറങ്ങാന്‍ കിടന്ന ഹാരിസ് കുറ്റാക്കുട്ടിരുട്ടില്‍ എങ്ങാനും ഉണര്‍ന്നു പോയാല്‍ ഭയപ്പെട്ടേക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഏറെത്താമസിയാതെ കറന്റ് വന്നു. അവന്‍ സ്വമേധയാ ഉണരുന്നത് വരെ ഉറങ്ങാന്‍ അനുവദിച്ചു കൊണ്ട് ഞാന്‍ അവന്റെ അരികിലിരുന്നു.

അടുത്ത ദിവസം അവനെ ഹിപ്‌നോ അനാലിസിസിന് വിധേയനാക്കാന്‍ ഞാന്‍ തീരുമാനിച്ചു.

 

അതിനു മുമ്പായി ഹിപ്‌നോട്ടിസം അല്ലെങ്കില്‍ ഹിപ്‌നോ തെറാപ്പി ഒരു വ്യക്തിയില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്ന് നമുക്ക് നോക്കാം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം (Higher Nervous Activity) എന്നും താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനം (Lower Nervous Activity)എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മസഹജമാണ്. വിശപ്പ്, ദഹനം, സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം, കാമം, വാത്സല്യം തുടങ്ങിയവ നാഡീവ്യൂഹ വ്യവസ്ഥയുടെ താഴ്‌ന്ന തരം പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

ജീവിതകാലഘട്ടത്തില്‍ നാം ആര്‍ജ്ജിക്കുന്ന സ്വഭാവ സവിശേഷതകള്‍ അഥവാ പ്രവര്‍ത്തനങ്ങള്‍ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കുന്നു. ഇതാണ് കണ്ടീഷന്‍ഡ് റിഫ്ലക്സ് എന്ന് അറിയപ്പെടുന്നത്.

താഴ്‌ന്ന നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ സഹജവാസനകളുടെ അഥവാ വികാരങ്ങളുടെ അടിസ്ഥാനമാണെങ്കില്‍ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ ജന്മവാസനകള്‍ ഒഴികെയുള്ള മറ്റെല്ലാ വിധേയത്തങ്ങളുടെയും അടിസ്ഥാനമാണ്.

.പി. പവ്‌ലോവ് ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനം ഒരുദാഹരണത്തിലൂടെ വിവരിക്കുന്നത് നോക്കാം.

നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുമ്പായി കുറച്ച് സെക്കന്റുകള്‍ മണിയടി ശബ്‌ദം കേള്‍പ്പിക്കുക. അതായത് കുറച്ചു നേരം ബെല്ലടിച്ചതിനു ശേഷം മാത്രം നായക്ക് ഭക്ഷണം കൊടുക്കുക. ഇതൊരു ശീലമാകുമ്പോള്‍ പിന്നീട് ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും മണിയടി ശബ്ദം കേട്ടാലുടന്‍ നായയുടെ വാ‍യില്‍ വെള്ളമൂറാന്‍ തുടങ്ങുന്നു. ഇവിടെ മണിയടി ശബ്‌ദം കണ്ടീഷന്‍ഡ് റിഫ്ലക്സ് ആയിരിക്കുന്നു. മണിയടി ശബ്‌ദത്തോടുള്ള ഈ വിധേയത്തം ആര്‍ജ്ജിതമാണ്, സഹജമല്ല.

എന്നാല്ല് ഭക്ഷണം കണ്ടാല്‍ വെള്ളമൂറുക എന്ന സഹജ വാസനയില്‍ അധിഷ്‌ടിതമാണ് താനും. ഭക്ഷണം മാത്രമല്ല, ഭക്ഷണത്തിനുള്ള സിഗ്‌നലും ഭക്ഷണദാഹത്തെ ഉണര്‍ത്തുന്നു. ഈ പ്രതിഭാസത്തെ പാവ്‌ലോവ് ഫസ്റ്റ് സിഗ്‌നല്‍ സിസ്റ്റം എന്നു വിളിച്ചു.

മുകളില്‍ പറഞ്ഞ പരീക്ഷണം മനുഷ്യനിലാണ് നടത്തുന്നതെങ്കില്‍ ബെല്‍ എന്നു കേട്ടാല്‍ത്തന്നെ അവന്റെ വായില്‍ വെള്ളം നിറയും. അതായത് ഭക്ഷണത്തിന്റെ സിഗ്‌നലായ ബെല്ലും ബെല്ലിന്റെ സിഗ്‌നലായ ബെല്‍ എന്ന ശബ്‌ദമോ എഴുത്തോ അവനില്‍ ഉമിനീര്‍ ഊറിക്കുന്നു. ഇവിടെ ബെല്‍ എന്ന ശബ്‌ദത്തെ സിഗ്‌നലിന്റെ സിഗ്‌നല്‍ അഥവാ സെക്കന്റ് സിഗ്‌നല്‍ എന്നു പാവ്‌ലോവ് വിളിച്ചു. സെക്ക്ന്റ് സിഗ്‌നല്‍ പരിപൂര്‍ണ്ണമായും കന്റീഷന്‍ഡ് റിഫ്ലക്സ് ആണ്. ആര്‍ജ്ജിതമാണ്, സഹജമല്ല.

അപ്പോള്‍ ഒരു ബെല്ലടി ശബ്‌ദത്തിന് നായയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കാം. അതു പോലെ വാക്കുകള്‍ക്ക് സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനുമനുഷ്യന്റെ ആന്തരികവും ശാരീരികവുമായ ചേഷ്‌ടകളെ സ്വാധിനിക്കാന്‍ കഴിയും. (പുളി എന്നു കേട്ടാല്‍ നമ്മുടെ വായില്‍ വെള്ളം നിറയുന്നത് ഓര്‍ക്കുക).

വാക്കുകള്‍ കൊണ്ട് കരയിപ്പിക്കാനും ചിരിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുമെന്ന് ആര്‍ക്കുമറിയാമല്ലോ. വാക്കുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നതിന്റെ ഉദാ‍ഹരങ്ങളാണിവ. അതായത് ജന്മസിദ്ധമല്ലാത്ത തികച്ചും ആര്‍ജ്ജിതമായ റിഫ്ലക്സുകളുടെ സ്വാധീനം.

ഹിപ്‌നോട്ടിക് നിദ്രയില്‍ ഈ വാക്കുകള്‍ക്ക് സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിനുള്ള സ്വാധീനം നമുക്ക് നോക്കാം.

ഒരു ഹിപ്‌നോട്ടൈസര്‍ വ്യക്തിയെ മയക്കുന്നതും റപ്പോര്‍ ബന്ധം നിലനിര്‍ത്തുന്നതും വാക്കുകളിലൂടെയാണ്. ഹിപ്‌നോട്ടിക് നിദ്രയിലായിരിക്കുന്ന വ്യക്തിയും ഹിപ്‌നോട്ടൈസറും തമ്മിലുള്ള ബന്ധം തികച്ചും സംഭാഷണത്തില്‍ മാത്രം അധിഷ്‌ടിതമായ സെക്കന്റ് സിഗ്‌നല്‍ സിസ്റ്റത്തിലൂടെയാണ്.

 

നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയിലായിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു ചെറുത്തു നില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഇല്ലാത്ത അനുഭൂതിയും മറ്റും ഉണ്ടാക്കാനും ഉള്ളവയെ അനുഭവവേദ്യമല്ലാതാക്കുവാനും നിര്‍ദ്ദേശങ്ങളിലൂടെ കഴിയും.

ഉദാഹരണത്തിന് നിദ്രാവിധേയനായ വ്യക്തിയോട് അയാളുടെ കൈകള്‍ മരവിച്ചിരിക്കുകയാണെന്നും കയ്യില്‍ എന്തു സംഭവിച്ചാലും അറിയില്ലെന്നും സജഷന്‍ കൊടുത്ത ശേഷം സൂചിയോ ശൂലമോ കുത്തിയിറക്കിയാലും അത് അയാള്‍ അറിയുകയില്ല.

നിദ്രാവിധേയനായിരിക്കുമ്പോള്‍ കണ്ണു തുറന്നാലും ഒന്നും കാണുവാന്‍ കഴിയാത്ത സ്ഥിതി വിശേഷം നിര്‍ദ്ദേശങ്ങളിലൂടെ ഉളവാക്കുവാനും ഹിപ്‌നോട്ടൈസര്‍ക്ക് കഴിയുന്നു.

ഉറക്കത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണര്‍ത്തുന്നതിനു മുമ്പ് പിന്‍‌വലിക്കാതെ ഇരുന്നാല്‍ അവ ഉണര്‍ന്ന ശേഷവും വ്യക്തിയില്‍ സ്വാധീനം ചെലുത്തുമെന്നതാണ് വസ്തുത. ഉറക്കത്തില്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും പിന്‍‌വലിച്ചിട്ടാണ് ഉണര്‍ത്തുന്നതെങ്കില്‍ ഉണര്‍ന്ന വ്യക്തിയില്‍ യാതൊരു സവിശേഷതയും കാണപ്പെടുകയില്ല.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എല്ലാ വ്യക്തികളും സജസ്റ്റബിലിറ്റി (നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ്) ഉള്ളവരാകണമെന്നില്ല. ഹിപ്‌നോട്ടിക് നിദ്രക്ക് വിധേയമാകാന്‍ കഴിയാത്ത വണ്ണം മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയാത്തവര്‍ ധാരളമുണ്ട്.

ഒരു അനുഭവത്തിന്റെ പ‌ശ്‌ചാത്തലത്തില്‍ ഹിപ്‌നോട്ടിസത്തെക്കുറിച്ച് പ്രാഥമികമായ ഒരു അവബോധം പകരാന്‍ ഇത്രയൊക്കെ പറയാന്‍ കഴിഞ്ഞല്ലോ.

അപ്പോള്‍ നമുക്ക് ഹാരിസിനെ ഹിപ്‌നോട്ടൈസ് ചെയ്യാംഅവന്റെ പ്രശ്‌നമെന്താണെന്ന് നോക്കാം

പിറ്റേ ദിവസം അവനെ ഞാന്‍ ഹിപ്‌നോട്ടിക് നിദ്രയിലാക്കി. ഏകദേശം അവന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പായപ്പോള്‍ ഞാനവനോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ സംസാരിച്ചു. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചോദിച്ചു. അവന്‍ എല്ലാം പറയുവാന്‍ തയ്യാറായിരുന്നു.

അവനെക്കുറിച്ച് അവന്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കിയ ഞാന്‍ അതിനിടെ അവന്റെ രോഗകാരണം കണ്ടെത്തിയിരുന്നു.

അത് അടുത്ത കുറിപ്പില്‍……(ക്ഷമിക്കണം. ദൈര്‍ഘ്യം കാരണമാണ്).

 

 

 

Advertisements

മേയ് 11, 2007

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍…ഭാഗം രണ്ട്

Filed under: Blogroll — ::സിയ↔Ziya @ 5:41 pm

ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.

മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്‍. ആകയാല്‍ അവനു
വേണ്ടത്ര വിശ്രമം നല്‍കുവാന്‍ ഞാന്‍ തീരുമനിച്ചു. ചില റിലാക്‍സേഷന്‍ ടെക്‍നിക്കുകള്‍ ഉപയോഗിച്ച് അവനെ ഞാന്‍ മെല്ലെ ഉറക്കി.

ഹിപ്‌നോസിസെന്നാല്‍ ഉറക്കമല്ലാതെ മറ്റൊന്നുമല്ല. യ്ഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിദ്രയും ഹിപ്‌നോട്ടിക് നിദ്രയും തമ്മില്‍ ഗാഢമായ
അന്തരമില്ല. സ്വാഭാവിക നിദ്രക്കു വേണ്ട ആന്തരികവും ബഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്‌ടിച്ചുകൊണ്ട് വ്യക്തിയെ
സ്വാഭാവിക നിദ്രയിലേക്ക് തന്നെ വീഴ്ത്തുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്.

ഹിപൊസിസിനെകുറിച്ച് പറയുമ്പോള്‍ സാധാരണ നിദ്രയെക്കുറിച്ച് പറയണമല്ലോ? എന്താണീ സ്വാഭാവിക നിദ്ര?

പ്രവര്‍ത്തന നിരതമായ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ക്ഷീണം തീര്‍ക്കുവനുള്ള വിശ്രമമല്ലാതെ മറ്റൊന്നുമല്ല നിദ്ര.
ഉണര്‍ന്നിരിക്കുമ്പോള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും അതിന്റെ ജോലി നിര്‍വ്വഹിക്കുകയും മസ്തിഷ്‌കത്തിലെ കേന്ദ്രനാഡീവ്യൂഹം അതിന്റെ
പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിദ്രാവസ്ഥ എന്നു പറയുന്നത് മസ്തിഷ്‌കത്തിന്റെ ഉന്നത നാഡീ വ്യൂഹം പ്രവര്‍ത്തന
രഹിതമാകുന്ന അവസ്ഥയെയാണ്. കേന്ദ്രനാഡീവ്യൂഹം പ്രവര്‍ത്തന രഹിതമാകുന്നത് മൂലം പഞ്ചേന്ദ്രിയപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തില്‍
പ്രതിഫലിക്കയില്ല.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രനാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലാണ്. അധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നതനാഡീകേന്ദ്രം പ്രവര്‍ത്തനനിരതമാണ്. ഏറെനേരത്തെ പ്രവര്‍ത്തന നിരത കൊണ്ട് ക്ഷീണിക്കുന്ന
നഡീകേന്ദ്രത്തിനു വിശമം ആവശ്യമായിത്തീരുന്നു.

താളലയത്തില്‍ പാട്ടുപാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുന്നത് മൂലം കുഞ്ഞിന്റെ
നാഡീവ്യൂഹകേന്ദ്രത്തിനു ക്ഷീണം സംഭവിക്കുകയും തന്മൂലം പ്രസ്തുത നാഡീവ്യൂഹകേന്ദ്രത്തില്‍ ഒരു തരം നിരോധനം വന്നു ഭവിക്കുകയും
ചെയ്യുന്നു. അതായത് ആഭാഗം പ്രവര്‍ത്തനരഹിതമായി അഥവാ ഉറങ്ങി എന്നര്‍ത്ഥം. ആ നിരോധനം ക്രമേണ മസ്തിഷ്‌കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. നമ്മള്‍ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്ര‍ദ്ധിച്ചിരുന്നാല്‍ ക്രമേണ ബോറഡിച്ച്
ഉറങ്ങുന്നതിനെപുറകിലുള്ള ശാസ്ത്രവും ഇതു തന്നെ.

ഉറക്കം, ഹിപ്‌നോട്ടിസം തുടങ്ങിയവയെ സംബന്ധിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
(ഹിപ്‌നോട്ടിസത്തെക്കുറിച്ചുള്ള പേടി ആദ്യപോസ്റ്റിന്റെ പല കമന്റുകളിലും പ്രകടമാണ്. 🙂 ) ബോധമനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ് തുടങ്ങിയ ഫ്രോയിഡിയന്‍ അസംബന്ധങ്ങള്‍ ചില മനഃശാ‍സ്ത്രജ്ഞര്‍ പോലും ഇന്നും വിശ്വസിക്കുന്നു. അതേക്കുറിച്ച് നമുക്ക് മറ്റൊരിക്കല്‍ പറയാം.

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഉറക്കത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഗാഢനിദ്ര.
മസ്തിഷ്‌കം പൂര്‍ണ്ണമായും നിരോധിക്കപ്പെടുന്ന അവസ്ഥയെയാണ് ഗഢനിദ്ര എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ കുറേ ഭാഗങ്ങള്‍ ഉണര്‍ന്നിരിക്കുകയും മറ്റുചില ഭാഗങ്ങള്‍ നിരോധിതാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്.

ഇതു രണ്ടുമല്ലാത്ത മറ്റൊരവസ്ഥയാണ് ജാഗ്രതയുള്ള ഗാഢനിദ്ര. മസ്തിഷ്‌കത്തിലെ ഒരു ചെറിയ കേന്ദ്രം ഏതെങ്കിലും പ്രത്യേക
വസ്തുവിനോടോ പ്രതിഭാസത്തോടോ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയും ബാക്കി എല്ലാ ഭാഗവും നിരോധിക്കപ്പെടുകയും
ചെയ്യുന്ന അവസ്ഥയാണത്. മസ്തി‌കത്തിലെ ഉണര്‍ന്നിരിക്കുന്ന ആ ഭാഗത്തെ സെന്‍‌ട്രി പോസ്റ്റ് (Centry Post) എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുക.

ഒരുദാഹരണം പറയാം. ശിശുവിനോടൊത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ നിദ്ര ഈ മൂന്നത്തെ വിഭാഗത്തിലുള്ളതാണ്. കുഞ്ഞിന്റെ ചെറിയ
അനക്കങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും ഉണരുന്ന അമ്മ അതിലും വലിയ ശബ്ദം മറ്റൊരാളുണ്ടാക്കിയാലും അറിയണമെന്നില്ല.
ശിശുവിന്റെ ചലനത്തിനു പോലും അമ്മ ഉണരുന്നത് സെന്‍‌ട്രി പോസ്റ്റിന്റെ പ്രവത്തനം കൊണ്ടും തല്‍ഫലമായി കുഞ്ഞിനോട് ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുമാണ്. റപ്പോര്‍ (Rapport) എന്നാണ് ഈ ജാഗ്രതാവസ്ഥക്ക് പറയുന്ന പേര്.

അമ്മക്ക് ശിശുവിനോടുള്ള ജാഗ്രത -റപ്പോര്‍- ഹിപ്‌നോട്ടിക് നിദ്രാവസ്ഥയില്‍ നിദ്രാവിധേയന് ഹിപ്‌നോട്ടൈസറോടും ഉണ്ടാവും.
സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍. ഒരേ ശബ്‌ദം തന്നെ ആവര്‍ത്തിച്ചു
കേള്‍പ്പിക്കുന്നതിലൂടെയോ പ്രകാശമുള്ള ഒരു വസ്തുവില്‍ ദൃഷ്‌ടി കേന്ദ്രീകരിപ്പിക്കുന്നതിലൂടെയോ മസ്തിഷ്‌കത്തിന്റെ കേന്ദ്രനാഡീ വ്യൂഹത്തിന്റെ
ദൃശ്യ-ശ്രാവ്യ കോശങ്ങള്‍ക്ക് തളര്‍ച്ച ബാധിപ്പിക്കുന്നു. പ്രസ്തുത തളര്‍ച്ച കാരണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.
ആ നിരോധനം മസ്തിഷ്‌ക്കാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്നോട്ടൈസറുമായി റപ്പോര്‍ ബന്ധം സ്ഥപിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക മൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. ഈ സെന്‍‌ട്രിപോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് ഉറക്കത്തില്‍ ഹിപ്‌ട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി അശയവിനിമയം നടത്താന്‍ കഴിയുന്നത്.

നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയില്‍ ആ‍യിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു
ചെറുത്തുനില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന്
കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

(തുടരും)

മേയ് 8, 2007

ചില ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍…

Filed under: Blogroll — ::സിയ↔Ziya @ 1:59 pm

എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില്‍ ജോലിയുള്ള അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ മാത്രവും. വളര്‍ന്നു വരവേ മറ്റു ലേഖനങ്ങളും വായിക്കാന് ‍ തുടങ്ങി.

മനഃശാസ്ത്രത്തോട് ഒരു താല്‍പ്പര്യം തോന്നാന്‍ അടിസ്ഥാന കാരണം ഇതാണെന്ന് എനിക്കു തോന്നുന്നു. മലയാളമനോരമ ദിനപ്പത്രത്തിലെ മാന്ത്രികനായ മാന്‍ഡ്രേക്ക്, മനോരമ ആഴ്ചപ്പതിപ്പിലെ മനഃശാസ്ത്രഞ്ജനൊട് ചോദിക്കുക എന്ന ഡോ.പി.എം.മാത്യി വെല്ലൂരിന്റെ പംക്തി തുടങ്ങിയവയൊക്കെ കുട്ടിക്കാലത്ത് മുടങ്ങാതെ വാ‍യിച്ചിരുന്ന ശീലമാവണം പില്‍ക്കാലത്ത് കൂടുതല്‍ മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണയായത്.

ഹൈസ്കൂള്‍ കാലത്ത് ഡോ.ജോണ്‍സണ്‍ ഐരൂര്‍ എഴുതിയ ലേഖനപരമ്പരകളും പുസ്തകങ്ങളും വായിക്കാനിടയായത് ഹിപ്‌നോട്ടിസത്തില്‍ അതിയായ താത്പര്യം ജനിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് ഫ്രോയ്‌ഡിനെയും യുങ്ങിനേയും ഐ.പി.പാവ്‌ലോവിനെയുമൊക്കെ ഞാനറിയുന്നത്.

ആയിടക്ക്  മതപണ്ഡിതനായ എന്റെ പിതാവിന്‍ പാലക്കാട്ടു നിന്നും ഒരു കത്തു ലഭിച്ചു. ഹിപ്‌നോട്ടിസം മതപരമായി അനുവദനീയമായ കാര്യമാണോ എന്നാരാഞ്ഞു  കൊണ്ടായിരുന്നു ആ എഴുത്ത്. ഈ വക കാര്യങ്ങളില്‍ എന്റെ താല്പര്യം മനസ്സിലാക്കിയ പിതാവ് മറുപടി എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. ഒരല്പം ഗൌരവത്തോടെ പുസ്തകങ്ങള്‍  റെഫര്‍ ചെയ്യുവാന്‍ ഈ സംഭവം എന്നെ സഹായിച്ചു. ഹിപ്‌നോട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം അന്നു തുടങ്ങിയതാണ്.

പിന്നീടെ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മനഃശാസ്ത്രത്തിലും ഹിപ്‌നോട്ടിസത്തിലും  അതീവതത്പരനും  നിപുണനമായിരുന്ന ഇസ്മായില്‍ വഫ എന്ന എന്റെ അധ്യാപകനുമാനുമായുള്ള സഹവാസം  കുറേയേറെ കാര്യങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. കോഴിക്കോട്ടെ പ്രശസ്തമനഃശാസ്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഹസ്സന്‍, കായംകുളത്തെ മനോരോഗവിദ്ഗ്ധന്‍ ഡോ.രാമന്‍ തുടങ്ങിയവരെ സംശയനിവൃത്തിക്കായി ഞാന്‍ സമീപിക്കാറുണ്ടായിരുന്നു.

കേവലം കൌതുകവും താല്പര്യവും കൊണ്ടുമാത്രം അറിയാന്‍ ശ്രമിച്ച ഒരു മനഃശാസ്ത്രശാഖയായിരുന്നു ഹിപ്‌നോട്ടിസം എന്നാണു പറഞ്ഞുവന്നത്. പരിശീലനത്തിനു വേണ്ടി ആദ്യകാലത്ത് ചില അടുത്തസുഹൃത്തുക്കളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങള്‍ നിറഞ്ഞ ജീവിതപ്പാതയില്‍ മറ്റു പലതുമെന്ന പോലെ ഹിപ്‌നോട്ടിസവും ഞാന്‍ കൈവിട്ടു. എങ്കിലും പല ഘട്ടങ്ങളിലും സ്വയം പ്രത്യയനം (ഓട്ടോ സജഷന്‍) എന്ന രീതിയിലൂടെ സ്വയം ഹിപ്‌നോസിസിനു വിധേയനാകാറുണ്ടായിരുന്നു ഞാന്‍. ടെന്‍ഷന്‍ മറികടക്കുവാനും സമചിത്തതയോടെ തീരുമാനങ്ങളേടുക്കാനും പുകവലി ഉപേക്ഷിക്കുവാനും ഇതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.

മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഹിപ്‌‌നോട്ടൈസ് ചെയ്യണം എന്ന വാശിയൊന്നുമില്ലാതിരുന്നതിനാല്‍ ഹിപ്നോട്ടിസം എന്റെ മനസ്സില്‍ മാത്രമായി അവശേഷിച്ചു. തികച്ചും അവിചാരിതമായി രണ്ടു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യേണ്ടി വന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് ഹിപ്‌നോട്ടിക് പരീക്ഷണങ്ങളില്‍ സഹകരിക്കാറുണ്ടായിരുന്ന എന്റെയൊരു ആത്മസുഹൃത്ത് സഹായം തേടിയ കഥ ഓര്‍മ്മ വരുന്നു. അവന്‍ ഗള്‍ഫില്‍ പോകാനുള്ള എല്ലാ രേഖകളും ശരിയായി. എന്നാല്‍ ഗള്‍ഫ് ജോലി വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍. എന്നോടു പറഞ്ഞിതങ്ങനെ: “എനിക്ക് ഗള്‍ഫില്‍ പോകണമെന്നും നല്ലജോലി സമ്പാദിക്കണമെന്നുമൊക്കെയുണ്ട്. എന്നാല്‍ പോകാന്‍ എനിക്കു പേടിയാണ്.  നീയാ ഹിപ്‌നോട്ടിസം കൊണ്ടെങ്ങാനും എന്റെ പേടി മാറ്റിത്തരാമോ?”
ഞാന്‍ ചിരിച്ചു. പൂര്‍ണ്ണവിധേയത്വത്തോടെ തയ്യാറായി വന്നിരിക്കുന്ന അവനെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എന്തെങ്കിലും ഫലം കിട്ടുമെന്ന് എനിക്കു തോന്നി.
അവനെ ഹിപ്‌നോഅനലൈസിസിനു വിധേയനാക്കി. ഗള്‍ഫ് പേടിയുടെ കാരണം വ്യക്തമായി. വിമാനത്തില്‍ കയറാനുള്ള പേടിയായിരുന്നു വില്ലന്‍.
പേടിമറികടക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹിപ്നോട്ടിക് അവസ്ഥയില്‍ നല്‍കി. സ്വയം പ്രത്യയനത്തിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കകം സന്തോഷത്തോടെ അവന്‍ ഗള്‍ഫിലേക്ക് യാത്രയായി.

ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

1997 ല്‍ കുറച്ചു നാള്‍ ഒരു ബന്ധുവിനോടൊപ്പം ഞാന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ശിവാജി നഗറില്‍. അന്ന് അവിടുത്തെ ബ്രോഡ്‌വേ ജുമാ മസ്‌ദിലാണ് ഞാന്‍ നിസ്കരിക്കാന്‍ പോകാറുണ്ടായിരുന്നത്. അവിടെ വെച്ച് തൃശൂര്‍ക്കാരനായ ഒരു സൈനുവിനെ പരിചയപ്പെട്ടു. ഒരുനാള്‍ മഗ്‌രിബ് എന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് സൈനുവിനോടൊപ്പം വന്ന ഒരു കൌമാരക്കാരനെ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി.
മയക്കുമരുന്നു ഉപയോഗിക്കുന്നവന്റേതു പോലെയായിരുന്നു അവന്റെ ഭാവഹാവാദികള്‍. ഉറക്കം തൂങ്ങിയ കണ്ണുകള്‍, വീങ്ങിയ കണ്‍‌പോളകള്‍, ചീര്‍ത്ത് വിളറിയ മുഖം, ക്ഷീണിച്ച ശരീരം….
ഞാന്‍ സൈനുവിനോട് അന്വേഷിച്ചു, പയ്യനെന്തോ പ്രശ്നമുണ്ടോ?
അന്നു രാത്രി സൈനു എന്നോട് അവനെക്കുറിച്ചു പറഞ്ഞു. കാസര്‍കോഡ് സ്വദേശിയാണ്. ജ്യേഷ്‌ടന്മാര്‍ക്ക് ഇവിടെ പാല്‍ വിതരണമാണ് ജോലി. ഉമ്മ മരിച്ചു. നാട്ടില്‍ ഒറ്റക്കായ അനുജനെ അവര്‍ കൂടെകൊണ്ടുവന്നു നിര്‍ത്തിയിരിക്കുകയാണ്. അവന്‍ മാനസികമായി എന്തോ പ്രശ്‌നമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്‌നം. വല്ലപ്പോഴും ഉറങ്ങിയാല്‍ തന്നെ അലറിക്കൊണ്ട് ഞെട്ടിയുണരും. ശുചീകരണാവശ്യങ്ങള്‍ക്കു വേണ്ടി ജ്യേഷ്‌ടന്മാര്‍ സംഭരിച്ചുവെക്കുന്ന ബാരല്‍ കണക്കിനു വെള്ളം ഡിസംബറിലെ കൊടും തണുപ്പിലും അവന്‍ തലവഴിയേ ഒഴിക്കും…രാത്രി രണ്ടു മണി മൂന്നു മണി നേരത്ത്…

പൊറുതിമുട്ടിയ ജ്യേഷ്‌ടന്മാര്‍ അവനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. അവര്‍ സെഡേറ്റീവ് നല്‍കുമ്പോള്‍ മയങ്ങും. മരുന്നിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും പഴയ പടി….അവര്‍ എല്ലാവരും മാനസികമായി ആകെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്.

എല്ലാം കേട്ട് ഞാന്‍ കുറെനേരം ആലോചിച്ചു. ഇതാ ഒരു റിയല്‍ പേഷ്യന്റിനെ കയ്യില്‍ കിട്ടിയിരിക്കുന്നു. നമ്മടെ ഹിപ്‌നോട്ടിസം ഒന്നു പരീക്ഷിച്ചാലോ? പോയാല്‍ കുറേ വാക്കുകള്‍….കിട്ടിയാല്‍ ഒരുപാടുപേര്‍ക്കു സമാധാനം.
സൈനുവിനോടു വിവരം പറഞ്ഞു. ആദ്യം അയാള്‍ അമ്പരന്നു. ഞാന്‍ ആത്മവിശ്വാസത്തൊടെ ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പയ്യന്റെ ജ്യേഷ്‌ടന്മാരോട് വിവരം പറഞ്ഞു. അവര്‍ എന്നെ വന്നു കണ്ടു. ഒന്നു പരീക്ഷിക്കാമെന്ന എന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു.

അടുത്ത ദിവസം വൈകുന്നേരം പയ്യനുമായി അവര്‍ എന്റെ മുറിയില്‍ വന്നു.

(തുടരും)

മാര്‍ച്ച് 27, 2007

പ്രവാചക സ്‌മരണയില്‍…

Filed under: Blogroll — ::സിയ↔Ziya @ 5:33 am

ഇതു റബീഉല്‍ അവ്വല്‍ മാസം.
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം.
ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ നറുമലരുകള്‍ വിരിയുന്ന പവിത്രമാസം.

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.
ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.
ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.
തികച്ചും അനാഥനായിരുന്ന നബി.
നിരക്ഷനായിരുന്ന നബി.
ആട്ടിടയനായിരുന്ന നബി.
കച്ചവടക്കാരനായിരുന്ന നബി.
സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി. ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.
നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.
ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.
വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്നുദ്ബോധിപ്പിച്ച നബി.
അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി. സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.
ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.
ലോകൈക ഗുരുവായ നബി.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.
സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി. സൈന്യാധിപനായിരുന്ന നബി.
കുടുംബനാഥനായിരുന്ന നബി.
ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.
ഫലിതാസ്വാദകനായിരുന്ന നബി.
അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി.
നീതിമാനായ ഭരണാധികാരിയായിരുന്ന നബി.
ന്യായാധിപനായിരുന്ന നബി.
കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.
സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….
ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.
ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’
പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.
പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.
സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘
നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.

സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.
നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.
ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.
അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെ നബി മനുഷ്യരാക്കിയത്,

സംസ്കാര സമ്പന്നരാക്കിയത്. ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.
(The 100: A Ranking of the Most Influential Persons in History. Dr. Michael Hart )
അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.

ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങിയവരാണ് എന്നൊരു പ്രസ്ഥാവവും കൂടി നടത്തിക്കൊള്ളട്ടെ.

ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി -അവനാരുമാകട്ടെ- പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍.

ഫെബ്രുവരി 22, 2007

രസഗുള

Filed under: Blogroll — ::സിയ↔Ziya @ 5:49 am

നാലു മണിക്കത്തെ ചായേടെ കൂടെ വെറുതേ കടിക്കാന്‍ വല്ലപ്പളും ഓരോന്ന്…

ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.

കുടിച്ചു കുടിച്ചു നടന്നു തളര്‍ന്ന് അവര്‍ ഒരു പീടികത്തിണ്ണയിലെത്തി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില്‍ തളര്‍ന്ന് അവരാ ഛര്‍ദ്ദിലില്‍ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ദേഹത്തും കാലിലും നിലത്തുമെല്ലാം ഛര്‍ദ്ദിയുടെ അവശിഷ്‌ടങ്ങള്‍. സദാശിവന്റെ അടുത്താണ് ദാമോദരന്‍ കിടന്നിരുന്നത്. ഒടുവില്‍ ഒരു കാക്ക വന്ന് അവരുടെ ഛര്‍ദ്ദിലില്‍ ഓണസദ്യ ഉണ്ണാന്‍ തുടങ്ങി. കൈയനക്കാന്‍ പറ്റുന്നില്ല. അവസാനം ദാമോദരന്റെ മുഖത്തുള്ള അവശിഷ്‌ടങ്ങള്‍ കാക്ക കൊത്താന്‍ തുടങ്ങി. സദാശിവന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു: ‘കാക്ക കൊത്തണടാ’

ദാമോദരന്റെ മറുപടിയും ദുര്‍ബ്ബലമായിരുന്നു: ‘കാണണ്‍‌ണ്ടടാ’

സദാശിവന്‍  വീണ്ടും: ‘ന്നാ കാക്കയെ ഓടിക്കെടാ’

ജീവച്ഛവം പോലെ കിടന്നുകൊണ്ട് ദാമോദരന്‍ പറഞ്ഞു: ‘ഓടിക്ക്‍ണ്‌ണ്ടെടാ’.

***************

ടിപ്പ് ഓഫ് ദ ഡേ : ചിലരെങ്കിലും ഒരു ഫലിതം കേട്ടാല്‍ മൂന്നു പ്രാവശ്യം ചിരിക്കും. ഒന്ന് എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. രണ്ടാമത് ആ ഫലിതം മന്‍സ്സിലാകുമ്പോള്‍, മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും.

അടുത്ത താള്‍ »

Blog at WordPress.com.